റഷ്യയുടെ ഒളിംപിക്‌സ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി, റഷ്യന്‍ അത്ലറ്റുകള്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സമര്‍പ്പിച്ച ഹര്‍ജി ലോക കായിക ആര്‍ബിട്രേഷന്‍ കോടതി തള്ളി

ലോക കായിക ആര്‍ബിട്രേഷന്‍ കോടതിയില്‍ 68 റഷ്യന്‍ അത്ലറ്റുകള്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി. ഇതോടെ റഷ്യയുടെ റിയോ ഒളിംപിക്‌സ് പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചിരിക്കുകയാണ്. ഉത്തേജക മരുന്നിന്റെ പേരില്‍ പുറത്താക്കരുതെന്നു ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ അത്ലറ്റുകള്‍ക്ക് റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.
2014ല്‍ റഷ്യയിലെ സോച്ചിയില്‍ നടന്ന ശീതകാല ഒളിംപിക്സില്‍ അധികൃതരുടെ അറിവോടെ തന്നെ റഷ്യന്‍ താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നുവെന്നു കനേഡിയന്‍ നിയമജ്ഞന്‍ റിച്ചാര്‍ഡ് മക്ലാരന്‍ കണ്ടെത്തിയിരുന്നു.2010മുതല്‍ 2014വരെ നാലുവര്‍ഷത്തോളം റഷ്യയില്‍ സര്‍ക്കാറിന്റെ പിന്തുണയോടെ ഉത്തേജകമരുന്നുപയോഗം നടന്നുവെന്നാണ് കണ്ടെത്തിയത്.
ഒളിംപിക്സില്‍ റഷ്യന്‍ താരങ്ങള്‍ വ്യാപകമായി ഉത്തേജകമരുന്ന് ഉപയോഗിച്ചതായും പിന്നീട് ഇവരുടെ മൂത്രസാംപിളുകള്‍ മാറ്റിയതായും മക്ലാരന്‍ കണ്ടെത്തിയിരുന്നു.സാംപിളുകള്‍ മാറ്റി പുതിയതു നിറയ്ക്കാനുള്ള സംവിധാനങ്ങളടക്കം സര്‍ക്കാര്‍ പിന്തുണയോടെയായിരുന്നു കാര്യങ്ങള്‍. ആഭ്യന്തര ഇന്റലിജന്‍സ് സര്‍വീസിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലായിരുന്നു സാംപിളുകള്‍ മാറ്റിയിരുന്നത്. മാത്രമല്ല ഡപ്യൂട്ടി സ്‌പോര്‍ട്‌സ് മന്ത്രി യൂറി നഗോര്‍നിഖ് ആയിരുന്നു സംരക്ഷിക്കപ്പെടേണ്ട 'ഉത്തേജക താരങ്ങളുടെ' പട്ടിക തയാറാക്കിയിരുന്നതെന്ന അതീവ ഗുരുതരമായ കണ്ടെത്തലും മക്ലാരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഉത്തേജക ഉപയോഗത്തിന്റെ പേരില്‍ റഷ്യയെ ഒളിംപിക്സില്‍ നിന്നു വിലക്കണോ എന്ന കാര്യത്തില്‍ രാജ്യാന്തര ഒളിംപിക് സമിതി (ഐഒസി) ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഞായറാഴ്ച ഉണ്ടാകുമെന്നാണ് അറിയുന്നത്. കായിക കോടതിയുടെ തീരുമാനത്തിനു അനുസരിച്ചാവും ഐഒസിയുടെ നിലപാടെന്നതിനാല്‍ റഷ്യയുടെ ഒളിംപിക്‌സ് പ്രതീക്ഷകള്‍ അവസാനിക്കാന്‍ തന്നെയാണ് സാധ്യത.
റിയോ ഒളിംപിക്‌സ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സിക വൈറസ് ഭീതി കൂടാതെ തീവ്രവാദ ഭീഷണിയും. ഒളിംപിക്‌സിനിടെ ബ്രസീലില്‍ തീവ്രവാദ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 10 പേര്‍ അറസ്റ്റിലായി. ബ്രസീലിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് ആക്രമണത്തിന് പദ്ധതിയിട്ട 10 പേരെ അറസ്റ്റു ചെയ്തത്. തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരായ ഇവരില്‍ പലര്‍ക്കും പരസ്പരം നേരിട്ട് അറിയില്ലായിരുന്നുവെന്നും ഇന്റര്‍നെറ്റ് ആശയവിനിമയങ്ങളിലൂടെയാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരുകയാണെന്ന് ബ്രസീല്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























