സ്ത്രീ വിരുദ്ധത അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് വിനയാകുമോ ?

സ്ത്രീ വിരുദ്ധതയുടെ പേരില്‍ നിരവധി തവണ വിവാദങ്ങള്‍ക്ക് വിധേയനായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് അഭിമുഖങ്ങളിലും സോഷ്യല്‍ മീഡിയകളിലും നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ വിനയാകുമെന്നു സൂചന. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് മുന്‍പ് പല തവണ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധി നേടിയിട്ടുള്ളതാണ്.
1998 ല്‍ പീപ്പിള്‍സ് മാഗസിനിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഡോണാള്‍ഡ് ട്രംപ് പറഞ്ഞ വാക്കുകള്‍ ഏറെ വിവാദങ്ങള്‍ക്കു വഴി തെളിച്ചിരുന്നു. 19 വര്‍ഷങ്ങള്‍ക്കിപ്പുറവും, ഡോണാള്‍ഡ് ട്രംപ് എന്ന ശതകോടീശ്വരന്റെ വിഡ്ഢിത്തരങ്ങള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായ ഹിലരി ക്ലിന്റനെതിരെ നടത്തിയ ആരോപണം തെളിയിക്കുന്നു.
എതിര്‍ സ്ഥാനാര്‍ത്ഥിയായ ഹിലരിയെക്കുറിച്ചും ട്രംപ് അടുത്തിടെ നടത്തിയ പ്രസ്താവനയും ശ്രദ്ധേയമാണ്.ഹിലരി പ്രയോഗിക്കുന്ന തന്ത്രം താന്‍ സ്ത്രീയാണ് എന്ന ആനുകൂല്യം തേടിയാണ്. അതല്ലാതെ അവരുടെ പക്കല്‍ ഒന്നുമില്ല. അവര്‍ സ്ത്രീ ആയിരുന്നില്ലെങ്കില്‍ 5% വോട്ട് പോലും അവര്‍ക്ക് ലഭിക്കിലായിരുന്നു. സ്ത്രീകള്‍ക്ക് അവര്‍ പ്രിയപ്പെട്ടതല്ല എന്നായിരുന്നു ട്രംപ് നടത്തിയ വിമര്‍ശനം. പരമപ്രധാനമായ ഒരു സ്ഥാനത്തേക്ക് തുല്യപദവിയോടെ മത്സരിക്കുന്ന ഒരു സ്ത്രീയെ താഴ്ത്തിക്കെട്ടാന്‍ ഇതിലും മോശമായി എന്താണ് പറയേണ്ടിയിരുന്നത് ?
പ്രശസ്തിക്കു വേണ്ടി എന്തു തരത്തിലുള്ള തമാശകളും പറയുന്നത് ട്രംപിന്റെ പതിവ് രീതിയാണ്. ' എന്നെങ്കിലും ഒരിക്കല്‍ കളത്തില്‍ ഇറങ്ങേണ്ടി വന്നാല്‍ അത് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ മേല്‍വിലാസത്തില്‍ ആയിരിക്കും ഞാന്‍ അത് ചെയ്യുക. കാരണം, ഈ പാര്‍ട്ടിയുടെ വോട്ടര്‍മാര്‍ സ്വന്തമായി അഭിപ്രായം ഇല്ലാത്തവരാണ്. ഫോക്‌സ് ന്യൂസ് പ്രസിദ്ധീകരിക്കുന്നത് കണ്ണടച്ചു ഇവര്‍ വിശ്വസിക്കും. ഞാന്‍ നുണ പറയും, എങ്കിലും അവര്‍ വിശ്വസിക്കും. എനിക്ക് അന്ന് ലഭിക്കുന്ന പിന്തുണ അതിശയിപ്പിക്കുന്നതായിരിക്കും.'' 1998 ല്‍ പീപ്പിള്‍സ് മാഗസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഡോണാള്‍ഡ് ട്രംപ് പറഞ്ഞ ഈ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിലെ ജനങ്ങളെ ഏതു രീതിയിലാണ് ട്രംപ് വിലയിരുത്തിയിരിക്കുന്നത് എന്നാണ്.
സഹപ്രവര്‍ത്തകരായ സ്ത്രീകളെക്കുറിച്ചും മാധ്യമ പ്രവര്‍ത്തകയെക്കുറിച്ചുമെല്ലാം ട്രംപ് നടത്തിയ പരാമര്‍ശങ്ങളില്‍ സ്ത്രീ വിരുദ്ധത നിറഞ്ഞു നില്‍ക്കുന്നുണ്ട്. സ്വന്തം മകളെക്കുറിച്ചും ട്രംപ് നടത്തിയ പ്രസ്താവനയില്‍ സ്ത്രീ വിരുദ്ധതയെക്കാള്‍ ഒരു പിതൃ-പുത്രി ബന്ധത്തിന്റെ വിനാശകരമായ ഭാവി വിലയിരുത്തപ്പെടുന്നു.'ഇവാന്‍ക എന്റെ മകള്‍ അല്ലായിരുന്നുവെങ്കില്‍, തീര്‍ച്ചയായും ഞാന്‍ അവളുമായി ഡേറ്റ് ചെയ്യുമായിരുന്നു' എന്നതായിരുന്നു മകളെക്കുറിച്ചു നടത്തിയ വിവാദ പരാമര്‍ശം. ഒരു അച്ഛന്‍ മകളെ ഡേറ്റ് ചെയ്യുമെന്ന് പറയുന്നതിനുള്ള ഔചിത്യത്തിനു മുകളില്‍ ഒരു ജനാധിപത്യ രാജ്യത്തെ പ്രസിഡന്റ് സ്ഥാനാര്‍ഥി നടത്തേണ്ടിയിരുന്ന പ്രസ്താവനയാണോ ഇതെന്ന ചോദ്യം ഇതില്‍ നിഴലിക്കുന്നു.
സ്വയം പുകഴ്ത്തുവാന്‍ വേണ്ടി തന്റെ തൊഴിലാളികളായ സ്ത്രീകളെക്കുറിച്ചും നടത്തിയ പരാമര്‍ശം ഏതു രീതിയിലാണ് ട്രംപ് തന്റെ തൊഴിലാളികളായ സ്ത്രീകളെ കണ്ടിരുന്നത് എന്നതിന് തെളിവാണ്. തന്റെ അപ്രെന്റ്റസായ സ്ത്രീകള്‍ എല്ലാവരും എന്നോട് ശൃംഗാരപ്പൂര്‍വ്വമാണ് ഇടപെടുന്നത്. അതില്‍ അതിശയിക്കാനും ഒന്നുമില്ല എന്നായിരുന്നു ട്രംപ് പറഞ്ഞത്.
''സുന്ദരിയും, ചെരുപ്പക്കാരിയുമായ പെണ്‍കുട്ടി ഒപ്പമുണ്ടെങ്കില്‍ മാധ്യമങ്ങള്‍ അതിനെക്കുറിച്ച് എന്തെഴുതിയാലും എനിക്ക് സന്തോഷമാണ്''. മറ്റുള്ളവരില്‍ നിന്നും ഞാന്‍ വ്യത്യസ്തനാകുന്നത്, ഞാന്‍ സത്യസന്ധനാകുന്നത് കൊണ്ടും, എന്നോടൊപ്പമുള്ള സ്ത്രീകള്‍ സുന്ദരികളായതുക്കൊണ്ടുമാണ് എന്നായിരുന്നു മറ്റൊരു പ്രസ്താവന. സ്ത്രീകളെ പ്രദര്‍ശന വസ്തുക്കളായി കാണുന്ന ട്രംപിന്റെ മനോഭാവമാണ് ഇതില്‍ വിമര്‍ശിക്കപ്പെട്ടത്.
ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനെതിരെ സ്‌പെന്‍സര്‍ ട്യൂണിക് എന്ന ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ 130 സ്ത്രീകളെ നഗ്‌നരാക്കി അണി നിരത്തി നടത്തിയ പ്രധിഷേധം ജനശ്രദ്ധയാകര്‍ഷിക്കുകയും കൂടുതല്‍ സ്ത്രീകള്‍ ട്രംപിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിണ് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന പ്രതിഷധവുമായാണ് സ്‌പെന്‍സര്‍ ട്യൂണിക് സ്ത്രീകളെ ഉള്‍പ്പെടുത്തി പ്രതിഷേധിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ നടക്കുന്ന വേദിയിലേക്ക് കൈയില്‍ വലിയ കണ്ണാടിയുമായി നഗ്‌നരായ സ്ത്രീകള്‍ നില്കുന്നതായിട്ടാണ് സ്‌പെന്‌സര്‍ ആവിഷ്‌ക്കരിച്ചത്.
തന്റെ നാവിനെ നിയന്ത്രിക്കാന്‍ കഴിയാതെയുള്ള ട്രംപിന്റെ വാക്കുകള്‍ക്കെതിരെ അമേരിക്കന്‍ ജനത പൊതുവായി എന്തു നിലപാട് സ്വീകരിക്കും എന്നു തിരഞ്ഞെടുപ്പിലൂടെ കാത്തിരുന്നു കാണേണ്ടതുണ്ട്.
https://www.facebook.com/Malayalivartha


























