സിന്ധു നദീജല കരാര്‍ റദ്ദാക്കിയാല്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് പാകിസ്താന്

സിന്ധു നദീജല കരാര്‍ ഇന്ത്യ ലംഘിച്ചാല്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് പാകിസ്താന്‍. അന്താരാഷ്ട്ര നിയമമനുസരിച്ച് കരാറില്‍ നിന്ന് ഇന്ത്യക്ക് ഏകപക്ഷിയമായി പിന്മാറാനാവില്ലെന്നും പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേശഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു. 56 വര്‍ഷം മുമ്പുണ്ടാക്കിയ കരാര്‍ കാര്‍ഗില്‍ യുദ്ധകാലത്തോ സിയാച്ചിന്‍ സംഘര്‍ഷ സമയത്തോ തടസപ്പെട്ടിട്ടില്ലെന്നും സര്‍താജ് അസീസ് കൂട്ടിച്ചേര്‍ത്തു.
ഉറിയിലെ സൈനിക കേന്ദ്രത്തിനുനേരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് തിരിച്ചടി നല്‍കുന്നതിന്റെ ഭാഗമായാണ് സിന്ധു നദീജല കരാര്‍ പുന:പരിശോധിക്കാന്‍ ഇന്ത്യ നടപടി തുടങ്ങിയത്. എന്നാല്‍ യു.എന്‍ പോലുള്ള അന്താരാഷ്ട്ര വേദികളില്‍ തിരിച്ചടിയാവുമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യ കരാര്‍ റദ്ദാക്കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു. അതേസമയം പാകിസ്താനിലേക്ക് ഒഴുകുന്ന മൂന്ന് നദികളിലെ ജലം കൂടുതലായി ഉപയോഗിക്കാനും ഇന്ത്യ തീരുമാനിച്ചിരുന്നു. സിന്ധു, ചിനാബ്, ഝലം എന്നീ നദികളിലെ ജലത്തിന്റെ ഉപയോഗമാണ് വര്‍ധിപ്പിക്കുന്നത്.
1960 സെപ്തംബര്‍ 19ന് അന്നത്തെ പ്രധാനമന്ത്രി നെഹ്‌റുവും പാകിസ്താന്‍ പ്രസിഡന്റ് അയൂബ്ഖാനും ഒപ്പുവെച്ച ഉടമ്പടി പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രവി, സത്‌ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനുമാണ്.
https://www.facebook.com/Malayalivartha


























