ഈ വീട്ടില്‍ നിന്നും എന്നെ രക്ഷപ്പെടുത്താമോ എന്ന് പോലീസിനോട് ചോദിച്ച കുട്ടിയെ എ സി എസ്സിനെ ഏല്പിച്ചു

ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വച്ചാണ് അടുത്തിടെ ചില നാടകീയ രംഗങ്ങള്‍ നടന്നത്. യാത്രയ്‌ക്കൊരുങ്ങി അവിടെ എത്തിയതാണ് ഒരു പിതാവും മകനും. കൗമാരപ്രായക്കാരനായിരുന്നു മകന്‍. വിമാനത്തിനായി കാത്ത് വിമാനത്താവളത്തിലിരിക്കെ മകന്‍ അവിടെ കണ്ട ഒരു പോലീസുദ്യോഗസ്ഥനെ സമീപിക്കുകയായിരുന്നു.
ബ്രൂക്ക്‌ലിനിലുള്ള ആല്‍ഡന്‍ ഹോഡ്ജസും മകനുമായിരുന്നു വിമാനത്താവളത്തില്‍ യാത്രക്കാരായെത്തിയത്. അപ്പോഴാണ് മകന്‍ പോലീസിനോട് സഹായം അഭ്യര്‍ത്ഥിച്ചത്. തന്റെ വീട് തനിക്കൊരു നരകം ആണെന്നും പിതാവിന് കലി തീര്‍ക്കാനുള്ള ഉപകരണമാണു താനെന്നും അന്നു കാലത്തു കൂടി പിതാവ് അവനെ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചുവെന്നും അവന്‍ പോലീസുകാരനോടു പറഞ്ഞു. എന്നും ഇതു തന്നെയാണ് പതിവെന്നും പറഞ്ഞ് അവന്റെ ശരീരത്തിലുള്ള മുറിപ്പാടുകള്‍ മുഴുവന്‍ അവന്‍ ആ പോലീസുദ്യോഗസ്ഥനെ കാണിച്ചു. തന്നെ ആ അച്ഛന്റെ കൈയ്യില്‍ നിന്നും മോചിപ്പിക്കണമെന്നും അവന്‍ അപേക്ഷിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വെളുപ്പിന് മൂന്നു മണിയോടടുപ്പിച്ചായിരുന്നു സംഭവം. തുടര്‍ന്ന് പോര്‍ട്ട് അതോറിറ്റി പോലീസ് 36-കാരനായ ആള്‍ഡന്‍ ഹോഡ്ജസിനെ അറസ്റ്റു ചെയ്തു. അപമാനിക്കല്‍, ഉപദ്രവിക്കല്‍, ശാരീരിക പീഡനം, കുട്ടിയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി എന്നിങ്ങനെയുള്ള വകുപ്പുകളാണ് അച്ഛനെതിരെ ചുമത്തിയിട്ടുള്ളത്. കുട്ടിയെ ഏറ്റെടുത്ത് ജമൈക്ക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മകനുമായി യാതൊരു വിധത്തിലും സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിന് പിതാവിന് വിലക്കേര്‍പ്പെടുത്തി. മകനെ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈല്‍ഡ് സര്‍വ്വീസസിന്റെ സംരക്ഷണയിലാക്കി.
https://www.facebook.com/Malayalivartha






















