പുരാതന വൈറസിന്റെ പുനര്‍ജീവനം മനുഷ്യരാശിക്ക് ഭീഷണി

മഞ്ഞിലുറഞ്ഞുപോയ മുപ്പതിനായിരം വര്‍ഷം പഴക്കമുള്ള ഭീമന്‍ വൈറസ് പുനര്‍ജീവിച്ചാല്‍ മനുഷ്യരാശിക്ക് തന്നെ കടുത്ത ഭീഷണിയായേക്കാമെന്ന് ശാസ്‌ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. ലോകത്തെ അതി കഠിനമായ ചൂടുമൂലം മഞ്ഞുകള്‍ ഉരുകാന്‍ തുടങ്ങിയാല്‍ വൈറസുകള്‍ പുനരവതരിക്കുന്നതിന് കാരണമായേക്കാമെന്നും ഇത് മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ഭീഷണിയാകുമെന്നും ശാസ്‌ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കിഴക്കന്‍ സൈബീരിയന്‍ കടലിന് സമീപമുള്ള ചുക്കോട്‌കയിലെ തീരപ്രദേശത്തുള്ള തണുത്തുറഞ്ഞ പെര്‍മഫ്രോസ്റ്റ് എന്നറിയപ്പെടുന്ന മണ്ണില്‍ നിന്നുമാണ് 30,000 വര്‍ഷം പ്രായമുള്ള പാണ്ടോവൈറസ് വിഭാഗത്തില്‍ പെടുന്ന ഭീമന്‍ വൈറസിന്റെ സാമ്പിള്‍ ഗവേഷക സംഘം ശേഖരിച്ചത് . ഒരിനം അമീബയിന്മേലാണ് ഈ വൈറസ് പരാദജീവിതം നയിക്കുന്നത്. ലാബോറട്ടറിയില്‍ വെച്ചാണ് വൈറസിന് ജിവന്‍ വെച്ചത്.
പെര്‍മഫ്രോസ്റ്റ് മണ്ണിനടിയില്‍ ദീര്‍ഘകാലം അകപ്പെട്ടു പോയാലും അനുയോജ്യ താപനിലയിലെത്തിയാല്‍ വൈറസുകള്‍ക്ക് ജീവന്‍ വയ്‌ക്കുമെന്നാണ് ഗവേഷണം തെളിയിക്കുന്നതെന്ന് ഫ്രാന്‍സിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ച് പ്രസ്‌താവനയിറക്കി.
ഫ്രാന്‍സില്‍ നിന്നും റഷ്യയില്‍ നിന്നുള്ള ഗവേഷണസംഘമാണ് വൈറസിനെ തിരിച്ചറിഞ്ഞത്. 1.5 മൈക്രോമീറ്ററാണ് ഈ ഭീമന്‍ വൈറസിന്റെ വലുപ്പം. അതിനാല്‍ സാധാരണ ഒപ്‌ടിക്കല്‍ മൈക്രോസ്‌കോപ്പില്‍ വൈറസ് ദൃശ്യമാകും.
ആഗോള താപനത്തിലൂടെ ആര്‍ട്ടിക് വൃത്തത്തിലുള്ള മഞ്ഞ് ഉരുകി ഇത്തരത്തിലുള്ള വൈറസുകള്‍ ജീവന്‍ വീണ്ടെടുത്താല്‍ അത് ഒരു പക്ഷേ മനുഷ്യരാശിക്ക് ഭീഷണിയായേക്കാം. അന്തരീക്ഷ താപനില വര്‍ദ്ധിക്കുകയാണെങ്കില്‍ സൈബീരിയ പോലുള്ള പ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ വൈറസുകള്‍ പുനര്‍ജീവിക്കാന്‍ ഇടയാകുമെന്ന് ഗവേഷകര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























