സൗന്ദര്യം കൂടിപ്പോയതിനാല്‍ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു...

കാണാനിത്തിരി ചന്തവും സ്മാര്‍ട്‌നെസുമൊക്കെയുള്ളവര്‍ക്ക് ജോലി സ്ഥലങ്ങളില്‍ ഇത്തിരി പരിഗണന കൂടുതല്‍ കിട്ടുമെന്നാണ് പറയാറ്. എന്നാല്‍ ഇംഗ്ലണ്ടിലിതാ ഒരുപെണ്‍കുട്ടി പരാതിയുമായി അലമുറയിടുന്നു. തന്റെ സൗന്ദര്യംകൂടിപ്പോയതു കാരണം ജോലിയില്‍നിന്നു പറഞ്ഞു വിട്ടെന്ന് യൂനിറ്റ് ടിവിയെന്ന പ്രൊഡക്ഷന്‍ സ്ഥാപനത്തിലെ ഫ്രീലാന്‍സറായ എമ്മ ഹള്‍സാണ് വിചിത്രമായ ആരോപണത്തിനുപിന്നില്‍. തന്റെ ആകര്‍ഷണീയത കാരണം ജോലി നഷ്ടപ്പെട്ടുവെന്ന് ഇരുപത്തിനാലുകാരി ഉറപ്പിച്ചു പറയുകയാണ്.
കഴിഞ്ഞ ദിവസം ജോലിക്കെത്തി അഞ്ചു മിനിറ്റിനകം മാനേജരുടെ സന്ദേശമെത്തിയത്രേ, ജോലി നിര്‍ത്തി വീട്ടില്‍പൊയ്‌ക്കൊള്ളാന്‍. നിങ്ങള്‍ മോഡലാണോ, എന്താ ക്യാറ്റ് വാക്ക് നടത്തുന്നില്ലേ. വീട്ടിനു മുന്നില്‍നിന്ന് ക്യാറ്റ് വാക്ക് നടത്തിയാല്‍പോരേ എന്നൊക്കെ ചോദിച്ച് മാനേജര്‍ പരിഹസിച്ചതായും യുവതി പറയുന്നു. പിന്നീട് ഇദ്ദേഹം സ്വകാര്യ നമ്പര്‍ ചോദിച്ചതായും ഡ്രിങ്ക്‌സ് കഴിക്കാന്‍ പുറത്തേക്കു ക്ഷണിച്ചതായിക്കൂടി എമ്മ ഒരു മാധ്യമത്തോട് പറഞ്ഞു. 
താന്‍ മാന്യത വിട്ട് ഓഫിസില്‍ പെരുമാറിയിട്ടില്ലെന്ന് എമ്മയ്ക്കു തീര്‍ച്ചയാണ്. കുലീനമായ രീതിയില്‍ പാന്റ്‌സും ഷര്‍ട്ടും ധരിച്ചാണ് ഓഫിസില്‍ പോയത്. ഒരു ലിപ്സ്റ്റിക് ഉപയോഗിച്ചതുമാത്രമാണ് മെയ്ക്കപ്പ്. യാതൊരു ഭാവഭേദവുമില്ലാതെ ജോലിചെയ്യുന്നവരുടെ ഇടയ്ക്ക് താനൊരു അലോസരമാകുമെന്ന് മാനേജര്‍ ചിന്തിച്ചിട്ടുണ്ടാകുമെന്നാണ് എമ്മയുടെ അനുമാനം.
വിവരം തിരക്കി കമ്പനി അധികൃതരെ സമീപിച്ചപ്പോള്‍, പറഞ്ഞുവിട്ടു എന്നതു നേരാണ്. മൂന്നുമാസത്തെ പ്രൊബേഷനിലായിരുന്നു എമ്മ. അവര്‍ കമ്പനിക്കു ചേര്‍ന്ന ആളല്ല. തന്നെയുമല്ല, അവരുടെ ചില ചെയ്തികള്‍ കമ്പനിയുടെ പോളിസിയുമായി ഒത്തുപോകുന്നതുമല്ല, കമ്പനി ഉടമ ആദം ലുക്‌വെല്‍ അറിയിച്ചു. അപ്പോള്‍ എമ്മ പറയുന്നതിലും കാര്യമില്ലാതില്ല, മുതലാളിയുടെ പേരില്‍മാത്രമേ ലുക്‌വെല്‍ ഉള്ളൂ. സൗന്ദര്യം ശാപമാണു കുട്ടീ.

https://www.facebook.com/Malayalivartha























