ക്രിസ്റ്റ്യാനോയുടെ നികുതി വെട്ടിപ്പ് വിവരങ്ങള്‍ പുറത്ത്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നികുതി വെട്ടിപ്പ് വിവരങ്ങള്‍ പുറത്തായി. റയല്‍ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ 14.7 ദശലക്ഷം യൂറോയുടെ (ഏകദേശം 106 കോടി രൂപ) നികുതി വെട്ടിപ്പു കേസ്. 2011-14 കാലയളവില്‍ നാലു കേസുകളിലായി റൊണാള്‍ഡോ ഇത്രയും തുക വെട്ടിച്ചെന്നാണു കേസ്. 2010ല്‍ രണ്ടു കമ്പനി മാതൃകകള്‍ക്കു രൂപം നല്‍കി വരുമാനം മറച്ചുവയ്ക്കാന്‍ റൊണാള്‍ഡോ ശ്രമിച്ചെന്നു മഡ്രിഡിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫിസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
സ്വന്തം ഇമേജ് റൈറ്റ്‌സില്‍നിന്നു സമ്പാദിച്ച തുക റൊണാള്‍ഡോ ഈ കമ്പനിയില്‍ നിക്ഷേപിച്ചത് അനധികൃതമായിട്ടായിരുന്നെന്നാണു കണ്ടെത്തല്‍. ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്‍ഡും അയര്‍ലന്‍ഡും ആസ്ഥാനമായാണ് ഈ കമ്പനികള്‍. കഴിഞ്ഞ മാസം നികുതി വെട്ടിപ്പു കേസില്‍ ബാര്‍സിലോന താരം ലയണല്‍ മെസ്സിയെ സ്‌പെയിനിലെ കോടതി 21 മാസം തടവു ശിക്ഷയ്ക്കു വിധിച്ചിരുന്നു.
എന്നാല്‍ സ്‌പെയിനിലെ നിയമപ്രകാരം മെസ്സി ജയിലില്‍ പോകേണ്ടതില്ല. ക്രമസമാധാനത്തെ ബാധിക്കുന്നതല്ലാത്ത കേസുകളില്‍ രണ്ടു വര്‍ഷത്തില്‍ താഴെ തടവുശിക്ഷ ലഭിച്ചാല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല എന്നാണു സ്‌പെയിനിലെ ചട്ടം. റൊണാള്‍ഡോയെപ്പോലെ സമാനമായ കേസുകളിലാണു മെസ്സിക്കു ശിക്ഷ ലഭിച്ചത്. മെസ്സിയും പിതാവ് ജോര്‍ജെ ഹൊറാസിയോയും ചേര്‍ന്നു ബെലീസ്, ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, യുറഗ്വായ് എന്നിവ ആസ്ഥാനമായുള്ള കമ്പനികള്‍ ഉപയോഗിച്ചു വരുമാനം മറച്ചുവച്ചു എന്നായിരുന്നു കേസ്.
https://www.facebook.com/Malayalivartha























