കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി നീക്കി. പെണ്‍കുട്ടി സംരക്ഷണം ആവശ്യപ്പെട്ടാല്‍ മാത്രം നല്‍കിയാല്‍ മതിയെന്നാണ് പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പെണ്‍കുട്ടിയെയും ഭര്‍ത്താവിനെയും കണ്ടെത്താന്‍ സാധിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് കോടതി സംരക്ഷണം ഒഴിവാക്കിയത്. പെണ്‍കുട്ടിയും ഭര്‍ത്താവും നല്‍കിയ മേല്‍വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാന്‍ കഴിയുന്നില്ല. പെണ്‍കുട്ടിയുടെ സ്ഥിരം രീതിയാണിതെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ജീവന് ഭീഷണിയുണ്ടെന്നുകാട്ടി മദ്ധ്യപ്രദേശ് സ്വദേശിയായ പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിനോട് സംരക്ഷണം നല്‍കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജിയില്‍ തീര്‍പ്പാകുംവരെ സംരക്ഷണം ഉറപ്പാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനും സെന്‍ട്രല്‍ സ്‌റ്റേഷന്‍ എസ്.എച്ച്.ഒയ്ക്കും കോടതി നിര്‍ദേശം നല്‍കിയത്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്‌തെന്ന പരാതിയില്‍ ഭര്‍ത്താവിനെതിര മദ്ധ്യപ്രദേശ് പൊലീസ് പോക്‌സോ വകുപ്പുകളടക്കം ചുമത്തി കേസെടുത്തിരിക്കുകയാണ്. തുടര്‍ന്ന് കേരളത്തില്‍ അഭയം തേടിയ താനിപ്പോള്‍ എറണാകുളത്താണ് താമസമെന്ന് പെണ്‍കുട്ടി അറിയിച്ചിരുന്നു. പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേരളത്തില്‍ ആയതുകൊണ്ടാണ് ജീവനോടെയിരിക്കുന്നതെന്നും മദ്ധ്യപ്രദേശില്‍ പോയാല്‍ ദുരഭിമാനകൊല ചെയ്യപ്പെടുമെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്റെ അറസ്റ്റ് ഒരു മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ഈ സമയത്തിനുള്ളില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഫര്‍മാന് ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























