ഒന്‍പത് മാസം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയില്ല, രക്ഷിതാക്കള്‍ക്ക് കോടതി വിധിച്ചത്

ഒന്‍പത് മാസം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികള്‍ക്ക് ശരിയായ രീതിയില്‍ ഭക്ഷണം നല്‍കാതിരുന്ന രക്ഷിതാക്കള്‍ക്ക് 130 വര്‍ഷം തടവ് ശിക്ഷ. ഒക്കലഹോമയിലാണ് സംഭവം. വൃത്തിഹീനമായ ചുറ്റുപാടില്‍ കുട്ടികളെ പാര്‍പ്പിച്ച ഇവര്‍ക്കെതിരെ ഗുരുതരമായ കുറ്റാരോപണമാണ് കോടതി കണ്ടെത്തിയത്.
ഐസ് ലിന്‍ മില്ലര്‍, കെവിന്‍ ഫൗളര്‍ എന്നീ രക്ഷിതാക്കള്‍ക്കെതിരെയാണ് കോടതി വിധി പറഞ്ഞത്. കുട്ടികളെ അറിഞ്ഞുകൊണ്ട് അപായപ്പെടുത്തുന്നതിന് അഞ്ച് വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് കുട്ടികള്‍ക്കും അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് സംഭവം പുറം ലോകം അറിയാന്‍ ഇടയായത്. വെറും എട്ട് പൗണ്ട് മാത്രം ഭാരമുണ്ടായിരുന്ന കുട്ടികളുടെ വീട്ടിലെ അവസ്ഥ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇരുവരും താമസിക്കുന്നതെന്ന് മനസിലായത്.
ജോലി സംബന്ധമായ തിരക്കുകളിലേര്‍പ്പെടുന്നത് കൊണ്ടാണ് കുട്ടികളെ ശരിയായ രീതിയില്‍ പരിചരിക്കാന്‍ സാധിക്കാത്തതെന്ന് രക്ഷിതാക്കള്‍ കോടതിയില്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കിയ വിദഗ്ദ ചികിത്സയുടെ ഫലമായി കുട്ടികള്‍ പൂര്‍ണ ആരോഗ്യം കൈവരിച്ചിരുന്നു.
https://www.facebook.com/Malayalivartha























