മാർപാപ്പാ ബംഗ്ലാദേശിലെത്തി; റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് അനുഗ്രഹ ആശിർവാദം

ധാക്കാ:ചരിത്രത്തിലാദ്യമായി മ്യാൻമറിലെത്തിയ ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പാ മൂന്നുദിന സന്ദർശനത്തിനു ശേഷം ബംഗ്ലാദേശിലെത്തി. ഉച്ചകഴിഞ്ഞ് മൂന്നോടെ ധാക്കയിൽ വിമാനമിറങ്ങിയ പാപ്പായെ ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൾ ഹമീദ്, മന്ത്രിമാർ, കർദ്ദിനാളന്മാർ, ബിഷപ്പുമാർ, വൈദികർ, കന്യാസ്ത്രീകൾ അൽമായർ തുടങ്ങിയവർ ചേർന്നു ഉൗഷ്മളായി സ്വീകരിച്ചു. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശ് ചുവപ്പുപരവതാനി വിരിച്ചാണ് പാപ്പായെ സ്വീകരിച്ചത്. കുട്ടികൾ വൈവിദ്ധ്യങ്ങളായ വസ്ത്രങ്ങൾ ധരിച്ച് വർണ്ണപ്രഞ്ചം തീർത്ത് വിമാനത്താവളം ധന്യമാക്കിയിരുന്നു. ഗാർഡ് ഹോണറിനു ശേഷം തുറന്ന ടൊയോട്ട കാറിലാണ് പാപ്പാ വിമാനത്താവളത്തിൽ നിന്നും യാത്ര തുടർന്നത്.
സവറിലെ ദേശീയ രക്തസാക്ഷി സ്മാരകവും, വംഗബന്ധു സ്മാരക മ്യൂസിയവും സന്ദർശിച്ച പാപ്പാ ബംഗ്ലാദേശ് രാഷ്ട്രപിതാവിനു പ്രണാമം അർപ്പിച്ചു. തുടർന്നു പ്രസിഡന്റിന്റെ കൊട്ടാരത്തിൽ എത്തി പ്രസിഡന്റ് അബ്ദുൾ ഹമീദുമായും, സർക്കാരിലെ ഉന്നതരുമായും, പൗരപ്രമുഖരുമായും, നയതന്ത്രജ്ഞരുമായും കൂടിക്കാഴ്ച നടത്തി.
വെള്ളിയാഴ്ച ധാക്കയിൽ ദിവ്യബലിയർപ്പിയ്ക്കുന്ന പാപ്പാ റോഹിങ്ക്യൻ അഭയാർത്ഥികളെ സന്ദർശിയ്ക്കും. വ്യാഴാഴ്ച രാവിലെ യങ്കൂണിലെ സെന്റ് മേരീസ് കത്തിഡ്രലിൽ ദിവ്യബലിയർപ്പിച്ച ശേഷം കുട്ടികളും യുവാക്കളുമായി പാപ്പാ സംവദിച്ച ശേഷം ഉച്ചയോടെയാണ് ബംഗ്ലാദേശിലേയ്ക്കു യാത്രയായത്.
മ്യാൻമറിന്റെ മണ്ണിൽ കാലുകുത്തിയ രാജ്യത്തെ കത്തോലിക്കാ മേലദ്ധ്യക്ഷന്മാരും കുട്ടികളും രാജകീയമായി വരവേറ്റു. തികച്ചും മ്യാൻമറിന്റെ വേഷമണിഞ്ഞ കുട്ടികൾ തികഞ്ഞ ആഹ്ളാദത്തിമിർപ്പോടെയാണ് പാപ്പായെ സ്വീകരിച്ചത്.
ബുദ്ധ മതക്കാർക്ക് ഭൂരിപക്ഷമുള്ള മ്യാൻമറിലെ ചെറിയ ക്രിസ്ത്യൻ പള്ളികളും മാർപാപ്പയുടെ വരവിൽ ആവേശത്തിലാണ്. മറ്റു നഗരങ്ങളിൽ നിന്നും വിശ്വാസികൾ മാർപാപ്പയെ കാണാൻ നേരത്തെതന്നെ യങ്കൂണിലേക്ക് ഒഴുകിയെത്തിയിരുന്നു.
https://www.facebook.com/Malayalivartha























