ഇറാനിൽ വീണ്ടും ഭൂചലനം; നിരവധിപേർക്ക് പരിക്ക്

ഇറാനിൽ വീണ്ടും ഭൂകമ്പം.റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നാൽപതിലേറെ പേർക്കു പരുക്കേറ്റു. മരണമൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല. എന്നാൽ ഒട്ടേറെ വീടുകൾ തകർന്നിട്ടുണ്ട്. ഒരു മാസം മുമ്പ് അഞ്ഞൂറിലേറെപ്പേരുടെ ജീവനെടുത്ത ഭൂകമ്പത്തിനു ശേഷമാണ് ഇറാനെ നടുക്കി വീണ്ടും ഭൂചലനം ഉണ്ടാകുന്നത്.
കർമൻ പ്രവിശ്യയിലെ ഗ്രാമത്തിലാണു ഭൂകമ്പത്തിന്റെ നാശനഷ്ടത്തിലേറെയും. അപകടത്തിൽപ്പെട്ടവരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കർമന് 58 കി.മീ. വടക്കുകിഴക്കു മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ വിഭാഗം അറിയിച്ചു. മേഖലയിൽ 8.2 ലക്ഷത്തിലേറെയാണു ജനസംഖ്യയെന്നത് ഭൂകമ്പത്തിന്റെ ഭീതി വർധിപ്പിക്കുന്നു. രക്ഷാപ്രവർത്തകരുടെയും സൈന്യത്തിന്റെയും വൻ സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 6.32നായിരുന്നു ആദ്യ ഭൂകമ്പം. പിന്നാലെ മുപ്പതോളം തുടർ ചലനങ്ങളുമുണ്ടായി. എട്ടോളം ഗ്രാമങ്ങളിലെ വീടുകൾക്ക് കേടുപാടുകളുണ്ടായെന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha























