ദുബായിലെ ജ്വല്ലറിയിലേയ്‌ക്ക് ഇന്ത്യയിൽ നിന്ന് ഹവാലയായി പണം നിക്ഷേപിച്ചു:- ജ്വല്ലറി ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി: കുരുക്ക് ഒഴിവാക്കാൻ മുന്നിലുള്ളത് ഒരു പോംവഴി മാത്രം...

കഴിഞ്ഞ ദിവസമാണ് ഹവാല ഇടപാടിലൂടെ വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ച കേസിൽ ജ്വല്ലറി ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. തൃശ്ശൂർ ശോഭാസിറ്റിയിലെ ഭൂമിയും കെട്ടിടങ്ങളുമുൾപ്പെടെ 81.54 കോടി രൂപ വിലമതിക്കുന്ന 33 വസ്തുക്കൾ, 91.22 ലക്ഷം രൂപയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ, 5.58 കോടിരൂപയുടെ മൂന്ന് സ്ഥിരനിക്ഷേപങ്ങൾ, ജോയ് ആലുക്കാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 217.81 കോടി രൂപയുടെ ഓഹരികൾ എന്നിവയാണ് കണ്ടുകെട്ടിയത്.
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ തൃശ്ശൂരിലെ വീടും ഹെഡ് ഓഫീസിലുമടക്കം നടന്ന റെയ്ഡിനുശേഷമായിരുന്നു നടപടി. ഉടമ ജോയ് ആലുക്കാസ് വർഗീസിനെ കൊച്ചി ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയിരുന്നു.അഞ്ചുവർഷംമുൻപ് ആദായനികുതി വകുപ്പാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഹവാല ഇടപാട് നടത്തിയെന്ന് സംശയിക്കുന്ന രേഖകൾ കണ്ടെടുത്തത്. പലപ്പോഴായി ദുബായിലെ ജ്വല്ലറിയിലേയ്‌ക്ക് ഇന്ത്യയിൽനിന്ന് ഹവാലയായി പണം നിക്ഷേപിച്ചെന്നായിരുന്നു കണ്ടെത്തൽ. ജോയ് ആലുക്കാസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ് ഈ ജ്വല്ലറി.
ആദായനികുതിവകുപ്പിന്റെ ഈ കേസിൽനിന്നാണ് ഇഡി കേസിന്റെ തുടക്കം. ഹവാല ഇടപാടിൽ ഗ്രൂപ്പിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചെന്ന് ഇഡി വാർത്താക്കുറിപ്പിൽ പറഞ്ഞു.നിയമ വിരുദ്ധമായി കടത്തിയ പണത്തിന്റെ പ്രയോജനം ലഭിച്ചത് ദുബായിലെ ജ്വല്ലറി കമ്പനി ഉടമ ജോയ് ആലുക്കാസ് വർഗീസിനാണ്. അതിനാൽ അദ്ദേഹത്തിനെതിരെ ഫെമ നിയമപ്രകാരം കേസെടുത്തെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിക്കുകയായിരുന്നു. അന്വേഷണം പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് ഇഡിയുടെ അജ്യുഡിക്കേറ്റ് കമ്മിറ്റിക്ക് കൈമാറുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 25,000 കോടിരൂപ ആസ്തിയുള്ള ജോയ് ആലുക്കാസിന്റെ പേരിൽ 305 കോടിരൂപയുടെ കേസാണ് ഇപ്പോഴുള്ളത്.
അജ്യൂഡിക്കേറ്റ് കമ്മിറ്റി ആറ്മാസത്തിനകം ജോയ് ആലുക്കാസ് വർഗീസിന്റെ വിശദീകരണം കൂടി കേട്ട് തുടർന്നടപടിയിലേക്ക് കടക്കും. എന്നാൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് കടത്തിയ പണത്തിന്റെ ഉറവിടം കൃത്യമായി ബോധ്യപ്പെടുത്താനായാൽ വീട് ജപ്തി ചെയ്ത നടപടികളടക്കം ഒഴിവാകും. എന്നാൽ കുറ്റം തെളിഞ്ഞാൽ 305.84 കോടിയുടെ സ്വത്ത് സർക്കാറിലേക്ക് മുതൽകെട്ടുമെന്നതാണ് വ്യവസ്ഥ.
പ്രവാസി പദവി നിലനിർത്തുന്നതിന് വേണ്ടി ഇന്ത്യയിൽ വർഷത്തിൽ അധികവും ജോയ് ആലുക്കാസ് താമസിക്കാറില്ല. ദിവസങ്ങൾ മാത്രമേ തൃശൂരിൽ ഉണ്ടാകാറുള്ളൂ. അപ്പോൾ താമസിക്കാൻ വേണ്ടിയുണ്ടാക്കിയതാണ് അമ്പതിനായിരം സ്‌ക്വയർ ഫീറ്റുള്ള തൃശൂരിലെ വീട്. ആ വീടാണ് ജോയ് ആലുക്കാസിന് നഷ്ടമാകുന്നത്. ഹവാല ഇടപാടിന്റെ പേരിലാണ് എല്ലാം പോകുന്നത്. തൃശൂർ ശോഭാ സിറ്റിക്ക് അടുത്തുള്ള കൊട്ടാരമാണ് വീട്. അതിന് അകത്തേക്ക് ആർക്കും അങ്ങനെ പ്രവേശിക്കാനാകില്ല. വലിയ മതിലുണ്ട്. ജീവനക്കാരുടെ എണ്ണം പോലും ആർക്കും അറിയില്ല.
ഡൈനിങ് ഹാൾ നടന്നു കാണാൻ തന്നെ മണിക്കൂറുകൾ വേണം. തൃശൂരിലെ സൗരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരു ഏക്കർ സ്ഥലം വാങ്ങിയാണ് കൃഷി നടത്തുന്നത്. പഴയ രാഗം തിയേറ്റർ. 25000 കോടിയുടെ ആസ്തിയുണ്ട്. ഈ ശതകോടീശ്വരന്റെ വീടാണ് ഇഡി കണ്ടുകെട്ടുന്നത്. ജോയ് ആലുക്കാസ് മാൻഷൻ തൃശൂരിൽ നിലകൊള്ളുന്നത് 52,000 സ്‌ക്വയർഫീറ്റ് വിസ്തൃതി, 220 അടി നീളമുള്ള റാംപ്, 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള, 200 പേർക്കിരിക്കാവുന്ന പ്രാർത്ഥനാമുറി എന്നിങ്ങനെ അത്യാഢംബര മികവുകളോടെയാണ്. ശോഭാ സിറ്റിയിലെ ആ ആഡംബര ബംഗ്ലാവ് ജോയ് ആലുക്കാസിന് ഇനി തിരിച്ചു കിട്ടുമോ? അതോ ആ ജോയ് ആലുക്കാസ് മാൻഷൻ പൂർണമായും കൈവിടുമോ എന്നാണ് ഇപ്പോൾ ഉയർന്ന് വരുന്ന ചോദ്യം.
https://www.facebook.com/Malayalivartha