കൊച്ചിയിൽ പ്രൈം റോസ് അപ്പാര്‍ട്ട്മെന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ; ഗുരുതര പരിക്കുകളോടെ അമ്മയും മകളും ആശുപത്രിയിൽ: ഫ്ളാറ്റില്‍ നിന്നും ശക്തമായ പുകയും തീയും ഉയര്‍ന്നതോടെ വിലപിടിപ്പുള്ള സാധനങ്ങളുമായി താമസക്കാർ ഇറങ്ങിയോടി; ഒന്നര മണിക്കൂറോളം ഉയർന്ന കനത്ത പുക രക്ഷാപ്രവർത്തനത്തിന് തടസമായി

ആലുവ ദേശം സ്വര്‍ഗം റോഡില്‍ പ്രൈം റോസ് ഫ്‌ളാറ്റിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അഗ്നിബാധ. ഒന്‍പതാം നിലയിലെ ഫ്ളാറ്റില്‍ താമസിച്ചിരുന്ന അമ്മയെയും മകളെയും ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീപിടുത്തമുണ്ടായ ഉടന്‍ അയല്‍ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ ഇവരെ ദേശം സി.എ ആശുപത്രിയിലെത്തിച്ചു. ആലുവയില്‍ നിന്നും രണ്ടും അങ്കമാലി, ഏലൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഒന്നും അഗ്‌നിശമന സേന യൂണിറ്റ് എത്തിയാണ് തീയണച്ചത്. ആലുവയില്‍ നിന്നും അഗ്‌നിശമന സേന എത്തിയ ശേഷവും സ്‌ഫോടനം നടന്നു. ഫ്‌ളാറ്റ് പൂര്‍ണമായും കത്തിച്ചാമ്ബലായി.
കട്ടില, ജനല്‍, വാതില്‍, സോഫ് സെറ്റ്, ഡൈനിങ് ടേബിള്‍, കസേരകള്‍, ടി.വി, ഫ്രിഡ്ജ്, കമ്ബ്യൂട്ടര്‍, വാഷിങ് മെഷ്യന്‍, ഫാനുകള്‍ തുടങ്ങി വീട്ടിലെ സ്റ്റീല്‍ പാത്രങ്ങള്‍ വരെ കത്തി നശിച്ചു. ഫ്‌ളാറ്റിന്റെ ഭിത്തികള്‍ക്കും പൊട്ടല്‍ വീണു. ഫ്‌ളാറ്റില്‍ നിന്നും ശക്തമായ പുകയും തീയും ഉയര്‍ന്നതോടെ അയല്‍ഫ്‌ളാറ്റുകാരെല്ലാം വിലപിടിപ്പുള്ള സാധനങ്ങളുമായി താഴേക്ക് ഓടിയിറങ്ങുകയായിരുന്നു.
മുകളിലെ നിലകളിലെല്ലാം ശക്തമായ പുകയായതിനാല്‍ അഗ്‌നിശമനസേനയുടെ പ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. ഒന്നര മണിക്കൂറോളം നാല് യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. ഏകദേശം 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
https://www.facebook.com/Malayalivartha

























