ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...

വർക്കലയിൽ ട്രെയിനിൽ വച്ച് നന്ദിയോട് സ്വദേശി ശ്രീക്കുട്ടി (19)യെ ചവിട്ടി പുറത്തേക്കുതള്ളിയ സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിയെങ്കിലും, പൊലീസിന് പ്രധാന പിടിവള്ളിയായ ചുവന്ന ഷർട്ടുകാരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ ലഭിച്ചെങ്കിലും വ്യക്തമായ തിരിച്ചറിവോ തെളിവുകളോ ലഭിച്ചിട്ടില്ല. കേസിൽ സാക്ഷിയാകുമെന്ന ഭയത്തിലാണ് ഇയാൾ ഒളിച്ചിരിക്കാനിടയെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ പ്രധാന പ്രതിയായ സുരേഷ് കുമാർ കോട്ടയത്ത് എത്തിയതിന്റെ പശ്ചാത്തലവും ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുകയാണ്.
തിരുവനന്തപുരം പൊലീസ് സംഘമാണ് കോട്ടയത്ത് എത്തിയത്. ആദ്യം അതിരമ്പുഴയിലെ ബാറിൽ മദ്യപിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് ലഭിച്ചു. തുടർന്ന് കോട്ടയത്തെ മറ്റൊരു ബാറിലുമാണ് ഇയാൾ മദ്യപിച്ചത്. സുഹൃത്ത് വിളിച്ചതിനെ തുടർന്ന് പെയിന്റിംഗ് ജോലിക്കായാണ് സുരേഷ് കുമാർ കോട്ടയത്ത് എത്തിയത് എന്നാണ് അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതേസമയം, ആക്രമിക്കപ്പെട്ട യുവതിയുടെ നില ഇപ്പോഴും ഗുരുതരമാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് അവർ. സംഭവം നടന്ന ദിവസം ട്രെയിനിനകത്ത് നടന്ന വാക്കുതർക്കത്തിനുശേഷമാണ് ആക്രമണം നടന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ പൊലീസ് “ഓപ്പറേഷൻ രക്ഷിത” എന്ന പേരിൽ വ്യാപക പരിശോധന ആരംഭിച്ചു. മദ്യപിച്ച് ട്രെയിനിൽ കയറാൻ ശ്രമിച്ച 72 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. റെയിൽവേ യാത്രക്കാരുടെ സുരക്ഷാ സംവിധാനങ്ങൾ പുനഃപരിശോധിക്കണമെന്നും, രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്നും യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























