തന്നെ പറ്റി ഒരു ഓര്‍മ്മ പോലും ബാക്കിയുണ്ടാവരുതെന്ന് സിമി ആഗ്രഹിച്ചിരുന്നു, അവസാനമായി ഫോട്ടോ കാണാന്‍ ഫെയ്‌സ്ബുക് മുഴുവന്‍ പലരും പരതി, ഒക്കെക്കൊണ്ടാണവള്‍ പോയത്... പ്രണയ പരാജയവും മാതാപിതാക്കളുടെ മരണവും എല്ലാം സിമിയെ ഒറ്റപ്പെടുത്തിയിരുന്നെന്ന് സുഹൃത്ത് പറയുന്നു

മകളുടെ പ്രായമുള്ള കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തി നിരന്തരം രതിയില്‍ ഏര്‍പ്പെടുകയും കാമുകന്‍ വിട്ട് പോകാന്‍ ഒരുങ്ങിയപ്പോള്‍ ആക്രമിച്ച ശേഷം ആത്മഹത്യ ചെയ്ത കൊല്ലം തേവള്ളി ഗവ. ബോയിസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക സിമി ജി. ദാസ് സുഹൃത്തുക്കളെ പോലും ഞെട്ടിച്ചിരിക്കുകയാണ്. കോളജ് പഠനകാലത്ത് തന്റേടിയും സുന്ദരിയുമായിരുന്ന സിമി എങ്ങനെ ഇങ്ങിനെയായെന്ന് അവരില്‍ പലര്‍ക്കും വിശ്വസിക്കാനാവുന്നില്ല. മനു രമാകാന്ത് എന്നയാളുടെ അനുഭവം വായിക്കാം...
എന്റെ സീനിയര്‍ ആയി പഠിച്ച കുട്ടിയായിരുന്നു സിമി. ഇത്രയും തന്റേടിയായ കുട്ടി അക്കാലത്തു കോളജില്‍ ഇല്ലായിരുന്നു. ആരെങ്കിലും കമന്റടിച്ചാല്‍ വണ്ടി സ്‌റാന്‍ഡിലിട്ടു നിറുത്തി ഇറങ്ങി ചെന്ന് കാതുപൊട്ടെ ചീത്ത വിളിക്കുന്ന സുന്ദരിയായ പെണ്‍കുട്ടി ആദ്യമൊക്കെ വല്ലാത്ത കൗതുകമായിരുന്നു ഉണര്‍ത്തിയിരുന്നത്. അഹങ്കാരിയെന്നു കരുതിയും, ഒരു പെണ്ണ് നിവര്‍ന്നു നിന്ന് പൂവാലന്മാരെ ചീത്തവിളിക്കുന്നതു കണ്ടുള്ള ഭയം കൊണ്ടും അവള് നടക്കുന്നതിന്റെ പരിസരത്തുപോലും പലരും പോയിട്ടില്ല. പക്ഷെ പിന്നീട് അടുത്തപ്പോഴായിരിന്നു മനസ്സിലായത്, ഇത്രയും ഹൃദയശുദ്ധിയുള്ള പെണ്‍കുട്ടി വേറെയുണ്ടാവില്ലെന്ന്. ഒടുവില്‍ ഉറ്റ ചങ്ങാതികളായി. എടാ പോടാ എന്നല്ലാതെ എന്റെ പേരവള്‍ വിളിച്ചിട്ടുണ്ടാകില്ല. വീട്ടില്‍ നിത്യസന്ദര്‍ശകയായി.
എന്റെ പ്രണയത്തിനു താങ്ങും തണലുമായി ആ ചങ്ങാതി നിന്നു. എപ്പോഴോ ഒരിക്കല്‍ തേങ്ങി കരഞ്ഞുകൊണ്ടെന്നോടു അച്ഛന്റെ മദ്യപാനം അവളുടെ ജീവിതം നശിപ്പിച്ച കഥ പറഞ്ഞു. ആണ്‍പിള്ളേരൊക്കെ ഭയത്തോടെ മാത്രം കണ്ടിരുന്ന അവളുടെ ഉള്ളിലുള്ള മുറിവുകള്‍ക്കു പിന്നിലെ കഥകള്‍ വിശ്വസിക്കാനാകാതെയാണ് അന്ന് കേട്ടിരുന്നത്. കാലം മുന്നോട്ടു പോയപ്പോള്‍ പലപല തിരക്കുകളില്‍ പെട്ട് ഞങ്ങള്‍ അകന്ന് പോയി. ഒരിക്കല്‍ കേട്ടു ഒരു പ്രണയത്തില്‍പ്പെട്ടു അവളാരുടെയോ കൂടെ പോയ കഥ, പിന്നെ പിരിഞ്ഞ കഥ, അച്ഛനുമമ്മയും മരിച്ചു. അവളൊറ്റപ്പെട്ട കഥ, പിന്നെയുമെന്തൊക്കെയോ കഥകള്‍. അപ്പോഴൊക്കെ ഒന്നാശ്വസിപ്പിക്കാന്‍ പോലും പറ്റാത്തത്ര ദൂരത്തായിരിന്നു അവള്‍. കഥകള്‍ മാത്രം കാണാമറയത്തുനിന്നും വന്നുകൊണ്ടേയിരുന്നു.
പത്തുപതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വളരെ ആകസ്മികമായാണ് ഫെയ്‌സ്ബുക്കില്‍ വീണ്ടും കണ്ടു മുട്ടിയത്. വീണ്ടും സുഹൃത്തുക്കളായെങ്കിലും പഴയ അടുപ്പം എന്തുകൊണ്ടോ അവള്‍ കാണിച്ചില്ല. എനിക്കും തോന്നിയില്ല. എപ്പോഴും അവളുടെ തന്നെ പുതിയ പുതിയ ചിത്രങ്ങള്‍, ഒക്കെയും പുഞ്ചിരിക്കുന്നത്, പ്രൊഫൈല്‍ പിക്കായി ഇടുന്നതില്‍ വലിയ തല്പരയായിരിന്നു. യൗവനവും ചുറുചുറുക്കും നിലനിറുത്താനുള്ള തീവ്രശ്രമങ്ങളുണ്ടായിരുന്നിരിക്കാം. എന്റെ പകുതി പ്രായമേ അവള്‍ക്കു തോന്നുന്നുണ്ടായിരുന്നൊള്ളു. എനിക്ക് തോന്നുന്നു ഒരുപക്ഷെ അവളുടെയാ പുഞ്ചിരിയുടെയൊക്കെ പിന്നിലുള്ള വിഷമങ്ങള്‍ എനിക്കറിയാമായിരുന്നത് കൊണ്ടായിരിക്കാം, അവളെന്നില്‍ നിന്നുമകന്ന് തന്നെ നില്‍കാനാഗ്രഹിച്ചത്.
ഞാനുള്‍പ്പെടെയുള്ള, അവളുടെയച്ഛനുമമ്മയുമുള്‍പ്പടെയുള്ള, അവളുടെ നാടും വീടുമുള്‍പ്പടെയുള്ള ഭൂതകാലത്തെ മറക്കാന്‍ ശ്രമിക്കുകയായിരുന്നിരിക്കാം അവള്‍. അങ്ങനെയൊക്കെ മറക്കുന്നതുള്ള അവളുടെ ശ്രമങ്ങള്‍ ഇന്ന് രാവിലെ സഫലമായി. അവള്‍ ആത്മഹത്യ ചെയ്തതായി സുഹൃത്ത് വിളിച്ചു പറഞ്ഞു. 'ആന്റീ അവനില്ലെയാന്റീ...' എന്ന് ചോദിച്ചു വീട്ടിലെക്കിടിച്ചു കയറുന്ന അവളുടെ ഓര്‍മകളായിരിന്നു രാവിലെ മുഴുവനും. അവസാനമായി ഫോട്ടോയൊന്നു കാണാന്‍ ഫെയ്‌സ്ബുക് മുഴുവന്‍ പരതി. ഒക്കെക്കൊണ്ടാണവള്‍ പോയത്. ഒരു ഓര്‍മ പോലും അവളെപ്പറ്റിയാര്‍ക്കും ഉണ്ടാവരുതെന്ന് ആഗ്രഹിച്ചതുപോലെ. ഞാനാലോചിച്ചു, ഒരുപാട് കാരണങ്ങള്‍ ജീവിതത്തിലുണ്ടായിരിന്നിട്ടും അത് ചെയ്യാതെ ചങ്കൂറ്റത്തോടെ നേരിട്ട എന്റെ ചങ്ങാതി ഒടുവില്‍ എന്തിലായിരിക്കാം വീണുപോയത്, ഞാനതൊരിക്കലുമറിയില്ല. അവളെന്നോട് പറഞ്ഞതും, ഈ ലോകത്തു മറ്റൊരാളുമറിയില്ല.
https://www.facebook.com/Malayalivartha

























