സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ഇനി എളുപ്പത്തില്‍ സ്മാര്‍ട്ട് ഫോണിലൂടെ അറിയാം

സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ഇനി എളുപ്പത്തില്‍ സ്മാര്‍ട്ട് ഫോണിലൂടെ അറിയാം. ക്ഷേമ പദ്ധതികള്‍ എന്തൊക്കെയാണ്, ഏതിനെല്ലാം ഓരോവിഭാഗക്കാര്‍ക്കും അപേക്ഷിക്കാം, എവിടെ എങ്ങനെ അപേക്ഷിക്കണം, എത്ര രൂപ വരെ ലഭിക്കും' തുടങ്ങിയ കാര്യങ്ങളെല്ലാം ഇനി തണല്‍' എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിക്കും. സംസ്ഥാന ഐ.ടി വകുപ്പിന്റെ സഹായത്തോടെ പത്തനാപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് 360 എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ആപ്പ് വികസിപ്പിച്ചത്.
ആപ്ലിക്കേഷന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ഉടന്‍ പുറത്തിറക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ജൂണ്‍ ആദ്യവാരം പ്ലേ സ്‌റ്റോറില്‍ ലഭ്യമാക്കിയ ആപ്ലിക്കേഷന്‍ ഇതിനോടകം നിരവധിപേര്‍ ഡൗണ്‍ലോഡ് ചെയ്തു. ഇടുക്കി എന്‍ജിനിയറിംഗ് കോളേജില്‍ നിന്ന് ഈവര്‍ഷം പഠനം പൂര്‍ത്തിയാക്കിയ മലപ്പുറം വണ്ടൂര്‍ സ്വദേശികളായ സഞ്ജു, ഷാഹിദ് എന്നിവരാണ് ഈ ആപ്‌ളിക്കേഷന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്.
ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല. നെറ്റ് ഇല്ലാതെ തന്നെ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയും . പേര്, വയസ്, ശാരീരിക അവശത, വാര്‍ഷികവരുമാനം, ജാതി, തൊഴില്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ശേഷം തുറന്ന് വരുന്ന ജാലകത്തില്‍ ഏത് വകുപ്പില്‍ നിന്നുള്ള സഹായമാണ് ആവശ്യമെന്ന് തിരഞ്ഞെടുക്കാം.
സംരംഭകര്‍, പ്രായമായവര്‍, പെണ്‍കുട്ടികള്‍, ശാരീരിക അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലഭിക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ ഓരോന്നായി കാണാം. എവിടെ എങ്ങനെ അപേക്ഷിക്കണമെന്ന വിവരവും ലഭിക്കും. ഓണ്‍ലൈന്‍ വഴി നല്‍കാനാവുന്ന അപേക്ഷകളാണെങ്കില്‍ അതിന്റെ ലിങ്കും ആപ്പിലുണ്ടാകും.
https://www.facebook.com/Malayalivartha

























