സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു.... താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ , റോഡ് ഗതാഗതം തടസ്സപ്പെട്ടു, , സ്ഥിതിഗതികള്‍ വിലയിരുത്താനായി സര്‍ക്കാര്‍ അടിയന്തരയോഗം വിളിച്ചു

സംസ്ഥാനത്ത് കനത്ത മഴ യെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ അടിയന്തരയോഗം വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിലാണ് യോഗം. അമേരിക്ക സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തെ അഭിസംബോധന ചെയ്യും. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ജില്ലാ കളക്ടര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അതേസമയം, മഴക്കെടുതിയില്‍ ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കോതമംഗലം വെള്ളാരംകുത്തുകുടിയില്‍ ഒരാള്‍ മരിച്ചു. കോതമംഗലം വെള്ളാരംകുത്തുകുടിയില്‍ മുടിയനാനിക്കല്‍ ടോമി (55) ആണ് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തും മുമ്പ് മരിച്ചത്. കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് വൃദ്ധ മരിച്ചു. പാര്‍ത്തംവലിയത്ത് നാണിയാണ് മരിച്ചത്. ആലപ്പുഴയില്‍ വെള്ളക്കെട്ടില്‍ വീണ് ചെറുവള്ളി സ്വദേശി ശിവകുമാര്‍ മരിച്ചു. മലപ്പുറം ചങ്ങരംകുളത്ത് വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ വീണ് മരിച്ചു.
എറണാകുളം ജില്ലയില്‍ രണ്ട് ദിവസത്തിലേറെയായി നിര്‍ത്താതെ പെയ്യുന്ന മഴയെത്തുടര്‍ന്ന് കിഴക്കന്‍ മേഖലകളില്‍ പലതും ഒറ്റപ്പെട്ടു. ജില്ലയിലെ പ്രധാന ദേശീയപാതകളില്‍ വാഹനഗതാഗതം സ്തംഭിച്ചു. പലയിടത്തും റോഡുകളില്‍ വലിയതോതില്‍ ഗതാക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. സ്വകാര്യ ബസുകള്‍ പലതും സര്‍വീസ് മുടക്കി. വെള്ളക്കെട്ടിനെ തുടര്‍ന്ന് ജില്ലയില്‍ പലയിടത്തും ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്ന് ട്രാക്കുകള്‍ വെള്ളത്തിനടിയിലാണ്.
ഇടുക്കി, കോട്ടയം ജില്ലകളില്‍ ശക്തമായ മഴ തുടരുന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, ഹെഡ്‌വര്‍ക്ക്‌സ്, മലങ്കര എന്നീ അണക്കെട്ടുകള്‍ തുറന്നുവിട്ടു. തൊടുപുഴ, മീനച്ചിലാറുകള്‍ കരകഴിഞ്ഞൊഴുകുകയാണ്. പാലാ ഈരാറ്റുപേട്ട, പാലാ രാമപുരം പാലാ പൊന്‍കുന്നം റൂട്ടികളിലെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള എല്ലാം ബസ് സര്‍വീസുകളും നിറുത്തി വച്ചു. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ അരയൊപ്പം വെള്ളമായി.
മൂന്നാര്‍ അടക്കമുള്ള ഹൈറേഞ്ച് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. കൊച്ചി ധനുഷ്‌കോടി ദേശിയപാതയിലടക്കം മണ്ണും പാറയും ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടതിനാല്‍ ഹൈറേഞ്ചിലേക്ക് എത്തിപ്പെടാനാകാത്ത സ്ഥിതിയാണ്. സിവില്‍ സ്‌റ്റേഷനിലെ ഓഫീസുകളില്‍ ഹാജര്‍നില വളരെ കുറവാണ്. കിടങ്ങൂര്‍ പിറയാര്‍ ഭാഗത്ത് മീനച്ചിലാറിന്റെ തീരത്ത് താമസിക്കുന്ന എട്ട് കുടുംബങ്ങളെ കിടങ്ങൂര്‍ എല്‍.പി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു. അന്ത്യാളം കുര്യത്ത് മലയില്‍ മണ്ണിടിച്ചിലുണ്ടായി ഒരു വീട് ഭാഗികമായി തകര്‍ന്നു.
തൊടുപുഴ ടൗണിലെ താഴ്ന്ന കടകളിലെല്ലാം വെള്ളം കയറി. വെള്ളത്തൂവല്‍ രാജാക്കാട് റോഡിന് സമീപം എസ് വളവില്‍ പാറക്കെട്ടുകളും മണ്ണുമിടിഞ്ഞ് ഗതാഗതം നിലച്ചു. രാത്രി മുതല്‍ പാറകള്‍ ഉരുണ്ട് വീണ് ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്‌സും മറ്റും സ്ഥലത്തെത്തി നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും വീണ്ടും പാറകള്‍ വീഴുന്നതിനാല്‍ താത്കാലികമായി മാറ്റുന്നത് നിറുത്തിവച്ചു.
https://www.facebook.com/Malayalivartha























