ഇടുക്കി ഡാം തുറന്നാല്‍ സെൽഫി വേണ്ട മക്കളെ... നദീതീരത്തോ പാലങ്ങളിലോ ആളുകള്‍ കൂടി നിന്നാലും പിടിവീഴും; വിനോദസഞ്ചാരത്തിന് വിലക്ക്

ഇടുക്കി അണക്കെട്ട് തുറക്കുന്നതിനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ക്ക് അധികൃതര്‍ തുടക്കംകുറിച്ചു. ഇടുക്കി ഡാം തുറന്നാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. നദീതീരത്തോ പാലങ്ങളിലോ ആളുകള്‍ കൂടി നില്‍ക്കുന്നതും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും വിലക്കുണ്ട്.
100 മീറ്റര്‍ പരിധിയില്‍ ആരെയും പോകാന്‍ അനുവദിക്കരുതെന്നും ഇത്തരം ശ്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും അതോറിറ്റി നിര്‍ദേശം നല്‍കി. അതേസമയം മരിയപുരം, വാഴത്തോപ്പ്, കൊന്നത്തടി, കഞ്ഞിക്കുഴി, വാത്തുക്കുടി എന്നീ പഞ്ചായത്തുകളിലെ വിനോദസഞ്ചാരത്തിന് വിലക്കുണ്ട്.
ഇപ്പോള്‍ ഡാമിലെ ജലനിരപ്പ് 2394.28 അടിയായി, ഒരു അടി കൂടി ഉയര്‍ന്ന് 2395 അടിയെത്തുമ്പോള്‍ ഓറഞ്ച് അലേര്‍ട്ട് പ്രാഖ്യാപിക്കും. 2400 അടിവരെ എത്തിക്കാതെ 2397-2398 അടി എത്തുമ്പോള്‍ നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. 2399ല്‍ അടിയെത്തുമ്പോള്‍ റെഡ് അലര്‍ട്ട് നല്‍കി ഏതു നിമിഷവും ഡാം തുറക്കാം. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്ത് 12 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അണക്കെട്ട് തുറക്കുന്നത് കാണാന്‍ വരുന്നവരെ നിയന്ത്രിക്കും. പെരിയാറിന്റെ തീരത്തെ വലിയ മരങ്ങള്‍ മുറിച്ചു മാറ്റും. ഇടുക്കി സംഭരണി മുതല്‍ ലോവര്‍ പെരിയാര്‍ ഡാം വരെ 24 കിലോമീറ്റര്‍ ദൂരത്തിലാണ് മുന്‍കരുതല്‍ നടപടികള്‍.
എത്ര കെട്ടിടങ്ങളെ ബാധിക്കുമെന്നത് പരിശോധിക്കാന്‍ വൈദ്യുതി വകുപ്പും റവന്യൂ വകുപ്പും ചേര്‍ന്ന് ശനിയാഴ്ച ഫീല്‍ഡ് സര്‍വേ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha
























