ഛത്തീസ്ഗഢിലെ ബിജാപൂർ-ദന്തേവാഡ അതിർത്തിയിൽ ഏറ്റുമുട്ടൽ... 12 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ഛത്തീസ്ഗഢിലെ ബിജാപൂർ-ദന്തേവാഡ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. മൂന്ന് ജില്ലാ റിസർവ് ഗാർഡ് (ഡി.ആർ.ജി) ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഒരു ജവാന് പരിക്കേറ്റു. സ്ഥലത്ത് ഓപ്പറേഷൻ തുടരുന്നു.
രഹസ്യ വിവരത്തെ തുടർന്ന് ദന്തേവാഡ ഗംഗലൂർ വനത്തിൽ നടന്ന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെയാണ് വെടിവയ്പ് നടന്നതെന്ന് ബിജാപൂർ പൊലീസ് സൂപ്രണ്ട് ഡോ. ജിതേന്ദ്ര യാദവ് പറഞ്ഞു.
ഡി.ആർ.ജി, സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, സംസ്ഥാന പൊലീസിന്റെ രണ്ട് യൂണിറ്റുകൾ, കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ - സി.ആർ.പി.എഫിന്റെ ഒരു എലൈറ്റ് യൂണിറ്റ്) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. വെടിവയ്പിൽ ഇതുവരെ 12 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha
























