ജര്‍മ്മന്‍ ഉന്നതവിദ്യാഭ്യാസ-തൊഴില്‍ സാധ്യതകള്‍: ഗൊയ്ഥെ സെന്‍ട്രത്തിന്‍റെ ഓണ്‍ലൈന്‍ വെബിനാര്‍ ശനിയാഴ്ച

ജര്‍മ്മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ജര്‍മ്മനിയിലെ ഉന്നതവിദ്യാഭ്യാസ-തൊഴില്‍ സാധ്യതകളെക്കുറിച്ച് ഓണ്‍ലൈന്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ശനിയാഴ്ച (ഡിസംബര്‍ ആറ്) രാവിലെ 10.00 നാണ് സൗജന്യ വെബിനാര്‍. വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, പ്രൊഫഷണലുകള്‍, ജര്‍മ്മന്‍ ഭാഷാ പഠിതാക്കള്‍, ജര്‍മ്മനിയില്‍ പഠന- ജോലി സാധ്യതകള്‍ അന്വേഷിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഇതില്‍ പങ്കെടുക്കാം.
ജര്‍മ്മന്‍ ഭാഷയേയും സിസ്റ്റത്തേയും കുറിച്ച് വ്യക്തവും കൃത്യവും പ്രായോഗികവുമായ വിദഗ്ധ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭ്യമാക്കാന്‍ വെബിനാര്‍ ലക്ഷ്യമിടുന്നു. ജര്‍മ്മനിയിലെ ഉന്നതവിദ്യാഭ്യാസ-തൊഴില്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞ് മുന്നേറാന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും പരിപാടി അവസരമൊരുക്കും. ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍, എഞ്ചിനീയറിംഗ്, ഐടി, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ എന്നിവ വെബിനാര്‍ ചര്‍ച്ച ചെയ്യും.
ജര്‍മ്മന്‍ ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും വെബിനാര്‍ ചര്‍ച്ച ചെയ്യും. അക്കാദമിക വിജയത്തിനും തൊഴിലിടത്തിലെ മികച്ച പ്രകടനത്തിനും ദൈനംദിന ജീവിതത്തിനും ജര്‍മ്മന്‍ ഭാഷയിലുള്ള പ്രാവീണ്യത്തിന്‍റെ പ്രാധാന്യം വെബിനാര്‍ ഉയര്‍ത്തിക്കാട്ടും. സീറ്റുകള്‍ പരിമിതം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് അവസരം.
https://www.facebook.com/Malayalivartha
























