ജല നിരപ്പ് വീണ്ടും ഉയരുന്നു... 2394.58 ആണ് ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്... ഇനി 0.42 അടി കൂടി ആയാൽ ഓറഞ്ച് അലര്‍ട്ട്

ഇടുക്കി അണക്കെട്ടിലെ ജനിരപ്പില്‍ ഇന്ന് രാവിലെയോടെ നേരിയ വര്‍ധന. 2394.58 ആണ് ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്. ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിപ്പാന്‍ ഇനി 0.42 അടി വര്‍ധനവ് മാത്രമാണ് വേണ്ടത്. ഉച്ചയോടെ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കും എന്നാണ് കരുതുന്നത്. ജലനിരപ്പ് 2,399 അടിയില്‍ എത്തുമ്ബോഴാണ് റെഡ് അലേര്‍ട്ട് നല്‍കുന്നത്. റെഡ് അലേര്‍ട്ട് നല്‍കികഴിഞ്ഞാല്‍ ഏത് നിമിഷവും ഷട്ടറുകള്‍ തുറക്കാം. 2,400 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.
നീരൊഴുക്ക് തിട്ടപ്പെടുത്തിയ ശേഷമേ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉയര്‍ത്തൂ. നിലവില്‍ 2,394.58 ആണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് 2,397ലെത്തുമ്ബോള്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടാവും ഡാം തുറക്കുക. റെഡ് അലര്‍ട്ട് നല്‍കി 15 മിനിറ്റിനു ശേഷം തുറക്കും. ഇടുക്കി അണക്കെട്ട് തുറന്നാലുണ്ടാകുന്ന വെള്ളക്കെടുതിയും അനുബന്ധപ്രശ്‌നങ്ങളും നേരിടാന്‍ കര നാവിക വ്യോമസേനകളും സജ്ജമാണ്. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും കര നാവിക സേനകളുടെ നാല് കോളം സൈന്യവും തയാറായിട്ടുണ്ട്. എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ വിന്യസിക്കാന്‍ സജ്ജമായി തീരസംരക്ഷണസേനയുടെ ചെറുബോട്ടുകളും തയാറാണ്.
ഷട്ടറുകള്‍ തുറന്നാല്‍ വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കായി മുന്നറിയിപ്പുകളും ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കി. ഷട്ടറുകള്‍ തുറക്കുന്നത് കാണാന്‍ വിനോദസഞ്ചാരികള്‍ പോകരുത്. ഇടുക്കി വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി എന്നീ പഞ്ചായത്തുകളിലേക്ക് വിനോദസഞ്ചാരം ഒഴിവാക്കണം. പാലങ്ങളിലും നദിക്കരയിലും കൂട്ടം കൂടി നില്‍ക്കരുത്. ഷട്ടര്‍ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്.
നദിയിലിറങ്ങുന്നത് ഒഴിവാക്കണം. വാഹനങ്ങള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറ്റണം. വെള്ളം കയറാന്‍ സാധ്യതയുള്ള വീടുകളില്‍ സര്‍ട്ടിഫിക്കറ്റുകളും പ്രധാന രേഖകളും പ്ലാസ്റ്റിക് ബാഗിലാക്കാന്‍ ശ്രദ്ധിക്കണം. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























