അച്ഛനോട് പിണങ്ങി മൂന്ന് ആൺമക്കളെയും ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ അസീനയെ തിരിച്ച് എത്തിക്കാൻ നോക്കിയപ്പോൾ നഷ്ടമായത് പല കുടുംബ ജീവിതങ്ങൾ... മകൾ ഡോക്ടറുടെ വെള്ളക്കുപ്പായമണിഞ്ഞു വരുമ്പോള്‍ അതുകണ്ടു സന്തോഷിക്കാന്‍ കാത്തിരുന്ന ശ്രീകലയെ വിധി തട്ടിയെടുത്തപ്പോൾ സ്വാതിക്കും കുഞ്ഞനുജത്തി ശ്രുതിക്കും ഇനി അമ്മയുടെ ഓര്‍മകള്‍ മാത്രം

കണ്ണനല്ലൂര്‍ ചേരിക്കോണം തലച്ചിറ കോളനി ആസിഫ് മന്‍സിലില്‍ ബാബു എന്നു വിളിക്കുന്ന ഹബീബുള്ളയുടെ ഭാര്യ അസീന(30)യുടെ തിരോധാനവുമായി ബന്ധപ്പെട്ട് അങ്കമാലിയില്‍ പോയി മടങ്ങും വഴിയാണ് അപകടമുണ്ടായത്. ഒരു മാസം മുമ്പു കാണാതായ അസീനയെ അങ്കമാലിയില്‍ നിന്ന് പോലീസ് കണ്ടെത്തി കൊട്ടിയം സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ശ്രീകലയും സഹപ്രവര്‍ത്തകന്‍ സി.പി.ഒ. നിസാറും ഉള്‍പ്പെട്ട സംഘം അങ്കമാലിക്കു തിരിച്ചത്. അസീനയുമായി മടങ്ങിവരവെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
വീടുവിട്ടിറങ്ങിയ അസീനയുടെ ജീവിതം അതിലേറെ ദുരന്തമായി പെയ്‌തൊഴിഞ്ഞപ്പോള്‍ ഉമ്മയുടെ സ്‌നേഹം അനാഥമാക്കിയത് മൂന്നു കുഞ്ഞോമനകളെയാണ്. ദൂരെയെവിടെയോ ഉമ്മിച്ചി ജോലിക്കു പോയതാണെന്നു വിശ്വസിച്ചു കഴിയുകയായിരുന്നു മൂവരും. ബാപ്പിച്ചായുമായി പിണങ്ങി തങ്ങളുടെ ഉമ്മ വീടുവിട്ടിറങ്ങിയതാണെന്നു നന്നായി തിരിച്ചറിയാനുള്ള പ്രായവും പക്വതയും മൂവര്‍ക്കുമില്ല. കുരീപ്പള്ളി എസ്.എ.ബി.ടി.എം. യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ആസിഫും അഫ്‌സലും അന്‍സീബും.
കഴിഞ്ഞ മാസം ആറിനാണ് കണ്ണനല്ലൂര്‍ ചേരിക്കോണം തലച്ചിറ കോളനിയില്‍ ആസിഫ് മന്‍സിലില്‍ ഹബീബുള്ളയുടെ ഭാര്യ അസീന ഭര്‍ത്താവിനെയും മൂന്ന് ആണ്‍മക്കളെയും ഉപേക്ഷിച്ചു വീടുവിട്ടിറങ്ങിയത്. അന്നുതന്നെ ഭര്‍ത്താവ് വിവരം കാണിച്ചു കൊട്ടിയം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണം സംസ്ഥാന വ്യാപകമാക്കിയതിനിടെയാണ് അസീനയെ കഴിഞ്ഞ ദിവസം അങ്കമാലി പോലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്തത്. അപകടത്തില്‍ മരിച്ച കാര്‍ ഡ്രൈവര്‍ നൗഫല്‍(27) കൊട്ടിയം പ്രതിഭാ ലൈബ്രറിക്ക് സമീപം നൗഫല്‍ മന്‍സിലില്‍ നാസറുദീന്റെയും ഉബൈദാന്റെയും മകനാണ്.
പോലീസ് സേനയിലെ സൗമ്യഭാവമായിരുന്നു ശ്രീകല. ജോലിയോടുള്ള ആത്മാര്‍ഥതയും അര്‍പണബോധവും ഇവരെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പോലും പ്രിയങ്കരിയാക്കി. ഫാത്തിമ കോളജില്‍ നിന്നും പി.ജി ബിരുദം സ്വന്തമാക്കിയ ശേഷമാണ് ശ്രീകല പി.എസ് സി. പരീക്ഷയിലൂടെ സേനയിലെത്തിയത്.
2003 ഫെബ്രുവരിയില്‍ തൃശൂര്‍ പോലീസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി സര്‍വീസില്‍ കയറിയ നാള്‍ മുതല്‍ ജോലിയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ശ്രീകല മനസുകൊടുത്തില്ല. ഹൈവേ പട്രോള്‍ യൂണിറ്റിലും സേവനമനുഷ്ഠിച്ച ശ്രീകല മുമ്പ് ചാത്തന്നൂര്‍, കുണ്ടറ സ്‌റ്റേഷനിലും ജോലിനോക്കിയിരുന്നു.
ഔദ്യോഗിക യാത്രയ്ക്കിടെയാണു ദുരന്തം പിടികൂടിയത്. ഭര്‍ത്താവ് സുനില്‍കുമാര്‍ പി.എസ്.സി കൊല്ലം റീജിയണല്‍ ഓഫീസിലെ ഉദ്യോഗസ്ഥനാണ്. മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ് മകള്‍ സ്വാതി. കൊല്ലം പുന്തലത്താഴം മീനാക്ഷി വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ഇഴയമകള്‍ ശ്രുതി.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞശേഷം ശ്രീകലയുടെ ഭൗതികശരീരം കൊല്ലം പോലീസ് ക്യാമ്പില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം കൊട്ടിയം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. സഹപ്രവര്‍ത്തകരും രാഷ്ര്ടീയ സാമൂഹ്യപ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ വന്‍ ജനക്കൂട്ടം അവസാനമായി കാണാന്‍ എത്തിയിരുന്നു. തുടര്‍ന്നു നെടുമ്പനയിലെ വീട്ടിലേക്കു കൊണ്ടുപോയി സംസ്‌കരിച്ചു.
മകൾ ഡോക്ടറുടെ വെള്ളക്കുപ്പായമണിഞ്ഞു വരുന്നത് കാത്തിരുന്ന ശ്രീകല അതോടെ ഓർമ്മകൾ മാത്രമാകുകയാണ്. കഴിഞ്ഞ ദിവസം ദേശീയപാത 47ല്‍ അമ്പലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കൊട്ടിയം പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. നെടുമ്പന ശ്രീധരത്തില്‍ ശ്രീകലയുടെ മക്കളാണ് സ്വാതിയും ശ്രുതിയും.
https://www.facebook.com/Malayalivartha
























