ഇടുക്കി അണക്കെട്ട് ഒളിപ്പിക്കുന്ന ഭീതിയും കൗതുകവും തിങ്ങിനിറഞ്ഞ ഒരു ശാപമോക്ഷത്തിന്റെ കഥ

ദേവഗംഗയെ ഭൂമിയില്‍ പിടിച്ച് കെട്ടിയ മഹാദേവന്റെ ജടാമകുടം പോലെ വളഞ്ഞ് പുളഞ്ഞ ഇടുക്കി ഡാമും ജലാശയവും കേരളത്തിന്റെ ഹൃദയമാണ്. അവിടെനിന്നൊഴുകുന്ന വെള്ളം മലയാളിയുടെ രക്തമാണ്. മൂലമറ്റത്തുനിന്ന് പ്രവഹിക്കുന്നത് വൈദ്യുതിയില്ല, ദൈവത്തിന്റെ സ്വന്തം നാടിന്റെ ഹൃദയത്തുടിപ്പുകള്‍ തന്നെയാണ്.
ഭീതിയും കൗതുകവും ഒളിഞ്ഞിരിക്കുന്ന ഇടുക്കി ഡാം തുടങ്ങുന്നത് ഒറ്റയൊരു കല്ലില്‍ നിന്നാണ്. അടുത്ത് ചെല്ലുമ്പോഴാണ്, ജലാശയ ഭാഗത്തേക്ക് വളഞ്ഞിരിക്കുന്ന ആര്‍ച്ച് രൂപം വ്യക്തമാവുകയുള്ളു. 1919 ലാണ് , ഇടുക്കി വനാന്തരങ്ങളില്‍ വേട്ടയാടി നടന്ന , മലങ്കര എസ്‌റ്റേറ്റ് സൂപ്രണ്ട് ശ്രീ തോമസ് എര്‍ടാറ്റി, അവിടുത്തെ ഊരാളി മൂപ്പനായ കൊലുമ്പനെ കണ്ടുമുട്ടുന്നത്. വന്യസൗന്ദര്യങ്ങളില്‍ ഒഴുകി നടന്ന തോമസിനു ,കുറവന്‍ കുറത്തി മല ശ്രീരാമന്റെ ദാനമാണെന്നും ആ ഐതിഹ്യം പറഞ്ഞ് കൊടുത്തതും ഇങ്ങനെയായിരുന്നു...
കുറവന്‍, കുറത്തി എന്നിവർ ഗോത്രവര്‍ഗക്കാരായിരുന്നു. ഒരിക്കല്‍ ശ്രീരാമനും സീതയും പെരിയാറിന്റെ തീരത്ത് എത്തുകയും, ആ വശ്യസൗന്ദര്യത്തിൽ മയങ്ങിയ സീത കുളിക്കാൻ ഇറങ്ങുകയുമായിരുന്നു. പ്രണയാതുരതയില്‍ ഒരുമിച്ച കുറവനും കുറത്തിയും സീതയുടെ സൗന്ദര്യം ആസ്വദിച്ചതോടെ ഇതിൽ കോപാകുലനായി ശ്രീരാമന്‍ ഇരുവരെയും പിടികൂടി ശപിച്ച് അവരെ പാറയാക്കി. എന്നാല്‍, അകന്നു കഴിയാന്‍ കഴിയില്ലെന്ന് കുറവനും, കുറുത്തിയും പറഞ്ഞതോടെ കാളിയൂഗയില്‍ ശാപത്തില്‍ നിന്ന് മോക്ഷം ലഭിക്കുമെന്നും അവര്‍ വീണ്ടും ബന്ധിപ്പിക്കപ്പെടുമെന്നും ശ്രീരാമന്‍ പറയുന്നു. യുഗങ്ങള്‍ക്കിപ്പുറം മനുഷ്യന്‍ അവരെ ചേര്‍ത്ത് കെട്ടും എന്ന ശാപമോക്ഷത്തിന്റെ ദിനം കാത്ത് ആ യുവമിഥുനങ്ങള്‍, ഇടയിലൂടെ അരുവിയായൊഴുകുന്ന പെരിയാറിനെ ലാളിച്ച് കഴിഞ്ഞു കൂടുകയാണ്.

ആദ്യ സന്ദര്‍ശനത്തില്‍ തന്നെ , ഒരു വന്‍ സാധ്യത തിരിച്ചറിഞ്ഞ തോമസ്, ഇവിടെയൊരു അണകെട്ടി വൈദ്യുതോത്പാദനം നടത്താനുള്ള അവസരത്തെ പറ്റി ബ്രിട്ടീഷ് അധികാരികളെ അറിയിച്ചു. 1947 ല്‍, തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ചീഫ് ഇലെക്ട്രിക്കല്‍ എഞ്ചിനിയറായിരുന്ന ജോസഫ് ജോണ്‍ ആണ് ആദ്യമായി വിശദമായ ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നത് .പക്ഷെ, അതീവ ദുര്‍ഗ്ഗമമായ ആ മലമടക്കുകകളില്‍ ഒരു കൂറ്റന്‍ അണക്കെട്ട് പണിയുന്നതിനുള്ള സാങ്കേതിക മികവ് അന്ന് നമുക്കുണ്ടായിരുന്നില്ല .
അതുമല്ല അവിടെ വേണ്ടത് ഒരു ആര്‍ച്ച് ഡാമായിരിക്കണം എന്നത് മറ്റൊരു പ്രശ്‌നമായി. ഡാമുകള്‍ പല തരമുണ്ട്. മണ്ണുകൊണ്ട് നിര്‍മ്മിക്കുന്ന എര്‍ത് ഡാം , ഭാരം കരുത്തേകുന്ന ഗ്രാവിറ്റി ഡാം. ആര്‍ച് രൂപത്തില്‍ ഉള്ളിലേക്കും വശത്തേക്കും വളഞ്ഞു നില്‍ക്കുന്ന ആര്‍ച്ച് ഡാം എന്നിങ്ങനെ പലതും .അണക്കെട്ട് നിര്‍മ്മിക്കുന്ന ഭൂമിയുടെ പ്രത്യേകതകള്‍, ഉള്‍ക്കൊള്ളേണ്ട വെള്ളത്തിന്റെ അളവ്, താങ്ങാന്‍ കഴിയുന്ന മര്‍ദ്ദം. ഇതെല്ലാം കണക്കിലെടുത്താണ് ഏതു തരത്തിലുള്ള ഡാമാണ് വേണ്ടത് എന്ന് തീരുമാനിക്കുക. പണി തുടങ്ങുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം, അതുവഴി ഒഴുകുന്ന പുഴയെ വഴിതിരിച്ച് വിടുക എന്നതാണ്.

ഹൃദയ ശസ്ത്രക്രിയ നടക്കുമ്പോള്‍ ഹൃദയം നിശ്ചലമാക്കി, ആ ജോലി ഹാര്‍ട്ട് ലങ് മെഷീനെ ഏല്‍പ്പിക്കുന്നത് പോലെ. കൃത്രിമമായ ഒരു കനാലുണ്ടാക്കി വെള്ളം ആ വഴിക്ക് തിരിച്ച് വിടും. ഇടുക്കിയില്‍ നിര്‍ദ്ദേശിക്കപ്പെട്ടത് മൂന്ന് അണക്കെട്ടുകളുടെ ഒരു കോമ്പിനേഷനാണ്. വെള്ളം രക്ഷപെട്ടു പോകാതിരിക്കാന്‍ തൊട്ടടുത്തുള്ള കുളമാവ്, ചെറുതോണി മലയിടുക്കുകളില്‍ രണ്ട് സാധാരണ ഗ്രാവിറ്റി ഡാമും കുറവന്‍ കുറത്തി മലകളെ ബന്ധിപ്പിച്ച് കൂറ്റന്‍ ആര്‍ച്ച് ഡാമും. സംഭരണിക്കു താഴെ ആറുമീറ്റര്‍ വ്യാസത്തിലും 6000 മീറ്റര്‍ നീളത്തിലുമുള്ള തുരങ്കവും. മൂലമറ്റത്ത് ഭൂഗര്‍ഭത്തില്‍ സ്ഥിതിചെയ്യുന്ന 750 മെഗാവാട്ട് വൈദ്യുതി നിലയവും ചേര്‍ന്ന രീതിയിലാണ് പദ്ധതി രൂപകല്‍പന ചെയ്യപ്പെട്ടത് .
1963 കേന്ദ്രഗവണ്‍മെന്റ് അനുമതിയും പിന്നാലെ പാരിസ്ഥിതിക അനുമതിയും ലഭിച്ചതോടെ പെരിയാറിനെ പിടിച്ച് കെട്ടാനുള്ള നീക്കങ്ങള്‍ക്ക് ശക്തിയേറി. കാനഡയിലെ SNC കമ്പനിയുടെ സാങ്കേതിക, സാമ്പത്തിക സഹായം കൂടി ഉറപ്പാക്കിയപ്പോള്‍, KSEആ സൂപ്രണ്ടിങ് എഞ്ചിനിയര്‍ പീലിപ്പോസിന്റെ നേതൃത്വത്തില്‍ കേരളം കണ്ട ഏറ്റവും വലിയ വികസന പദ്ധതി ചിറകു വിരിച്ചു .. പടുകൂറ്റന്‍ യന്ത്രസാമഗ്രികളും ആയിരക്കണക്കിന് തൊഴിലാളികളും ഇടുക്കിയിലെ മലമടക്കുകളില്‍ തമ്പടിച്ചു. എഞ്ചിനീയര്‍മാരും സാങ്കേതിക വിദഗ്ദ്ധരും തൊഴിലാളികളും ഉറക്കമൊഴിച്ച്, ഒരു അണക്കെട്ട് നിറക്കാനുള്ള വിയര്‍പ്പൊഴുക്കിയപ്പോള്‍, ജാലവിദ്യക്കാരന്റെ തൊപ്പിയില്‍ നിന്നെന്നോണം ആ മഹാത്ഭുതം കുറവന്‍ കുറത്തി മലയിടുക്കില്‍ മുളച്ച് പൊന്തി .

സാധാരണ ഗ്രാവിറ്റി ഡാമുകള്‍ മാത്രം കണ്ടിട്ടുള്ള മലയാളി, അതിനേക്കാള്‍ ഒരുപാട് മെലിഞ്ഞു, ഒരു തളിക പോലെ വളഞ്ഞ ഈ കോണ്‍ക്രീറ്റു രൂപത്തെ ഭീതി കലര്‍ന്ന അത്ഭുതത്തോടെയാണ് കണ്ടത്. ഈ വിചിത്ര സൃഷ്ടിയാണോ ഒരു പടുകൂറ്റന്‍ ജലാശയത്തെ തടുത്ത് നിര്‍ത്താന്‍ പോകുന്നത് എന്നവര്‍ ചിന്തിച്ചിട്ടുണ്ടാകും. 1973 ല്‍ 169 മീറ്റര്‍ ഉയരവും, 683 മീറ്റര്‍ കൂടിയ നീളവുമുള്ള ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ടാം പൂര്‍ത്തിയായി. 169 മീറ്റര്‍ ഉയരമെന്നാല്‍ അറുപത് നില കെട്ടിടത്തിന്റെ ഉയരം .1974 ഫെബ്രുവരിയില്‍ ഡാമില്‍ വെള്ളം നിറച്ചു .. 1975 ഒക്ടോബറില്‍ മൂലമറ്റത്ത് നിന്നും ആദ്യമായി വൈദ്യുതി പുറത്തേക്കൊഴുക്കി പവര്‍ ഹൗസിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു .1976 ഫെബ്രുവരി 12 ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇടുക്കി പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു .
https://www.facebook.com/Malayalivartha
























