കൊച്ചി മെട്രോ മൂന്നാംഘട്ടത്തിലേക്ക് ; മൂന്നാംഘട്ടത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുകൂടി ബന്ധിപ്പിക്കാൻ ലക്ഷ്യം

കൊച്ചിമെട്രോയുടെ രണ്ടാം ഘട്ടത്തിലേക്ക് രണ്ടായിരത്തി അഞ്ഞൂറുകോടിയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൊച്ചിമെട്രോയുടെ മൂന്നാംഘട്ടവും വരാൻപോകുന്നു എന്ന വാർത്ത പുറത്ത് വരുന്നത്. മൂന്നാംഘട്ട വികസനഭാഗമായി കൊച്ചി മെട്രോ ആലുവയിൽനിന്ന് അങ്കമാലിയിലേക്ക് നീട്ടുന്നതിന് വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കാനുള്ള ചുമതല അർബൻ മാസ് ട്രാൻസിറ്റ് കമ്പനിക്ക് നൽകി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുകൂടി ബന്ധിപ്പിക്കാനാണ് മൂന്നാംഘട്ടത്തിൽ ലക്ഷ്യം. 65 ലക്ഷത്തിനാണ‌് കരാർ. നാലുമാസത്തിനകം റിപ്പോർട്ട് തയാറാക്കണം. 2015 ഡിസംബറിൽ ഇതിനുള്ള പദ്ധതി റിപ്പോർട്ട് തയാറാക്കിയിരുന്നു. എന്നാൽ, 2017ലെ പുതിയ മെട്രോ നയത്തിന‌് അനുസൃതമായി പുതുക്കി സമർപ്പിക്കണം. 2015ലെ റിപ്പോർട്ട് അനുസരിച്ച് 3115 കോടിയായിരുന്നു ചെലവ്. വിമാനത്താവളത്തിലേക്കുള്ള 5.07 കിലോമീറ്റർ ലൈൻകൂടി നിർമിക്കാൻ 822.27 കോടി അധികം വേണം.
പുതിയ എസ്റ്റിമേറ്റ്, ചെലവും പ്രതീക്ഷിക്കുന്ന വരുമാനവും തമ്മിലെ താരതമ്യം, മറ്റ് ഗതാഗതമാർഗങ്ങളുമായുള്ള ഏകോപനം, ഫീഡർ സർവിസുകൾ എന്നീ ഘടകങ്ങളും പുതിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ഇരുപത് കിലോമീറ്ററാണ് മൂന്നാംഘട്ട മെട്രോയുടെ നീളം.
https://www.facebook.com/Malayalivartha

























