കൊച്ചി-മുസിരിസ് ബിനാലെ; ഘാന കലാകാരന്‍ മഹാമയില്‍ നിന്ന് കലാനുഭവങ്ങള്‍ നേടി ബിഎഫ്എ വിദ്യാര്‍ഥികള്‍

കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ എബിസി ആര്‍ട്ട് റൂം പ്രോഗ്രാമിന്റെ കീഴില്‍ മട്ടാഞ്ചേരി ആനന്ദ് വെയര്‍ഹൗസില്‍ നവംബര്‍ 20 മുതല്‍ സംഘടിപ്പിച്ച വര്‍ക്ക്‌ഷോപ്പ് വെള്ളിയാഴ്ച അവസാനിച്ചു. മഹാമയുടെ ഇന്‍സ്റ്റലേഷനായ 'പാര്‍ലമെന്റ് ഓഫ് ഗോസ്റ്റ്‌സ്' നിര്‍മ്മിക്കുന്നതില്‍ ഭാഗമാകാന്‍ ഈ പരിപാടി വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കി. കലയുടെ പുതിയ സൗന്ദര്യശാസ്ത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ വിദ്യാര്‍ഥികള്‍ സന്തോഷം പ്രകടിപ്പിച്ചു. ഡിസംബര്‍ 12 ന് ആരംഭിച്ച് 110 ദിവസം നീണ്ടുനില്‍ക്കുന്ന ബിനാലെയില്‍ ഇത് പ്രദര്‍ശിപ്പിക്കും. എച്ച്എച്ച് ആര്‍ട്ട് സ്‌പേസസുമായി ചേര്‍ന്ന് നിഖില്‍ ചോപ്രയാണ് ബിനാലെ ക്യൂറേറ്റ് ചെയ്യുന്നത്.
ലണ്ടന്‍ ആസ്ഥാനമായുള്ള ആര്‍ട്ട് റിവ്യൂ മാസികയുടെ ഏറ്റവും പുതിയ ആനുവല്‍ പവര്‍ 100 പട്ടികയില്‍ മഹാമ ഒന്നാമതെത്തിയത് വര്‍ക്ക്‌ഷോപ്പിനിടെ പ്രഖ്യാപിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ആഫ്രിക്കക്കാരനാണ് 38 കാരനായ മഹാമ.
മാഞ്ചസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിനായി വിഭാവനം ചെയ്തതും നിലവില്‍ ബിനാലെയ്ക്കായി പുരോഗമിക്കുന്നതുമായ തന്റെ ആദ്യ അനുബന്ധ കൃതിയുമായി പാര്‍ലമെന്റിനെ ബന്ധിപ്പിക്കുന്ന സ്ലൈഡ്‌ഷോ മഹാമ വര്‍ക്ക്‌ഷോപ്പില്‍ പ്രദര്‍ശിപ്പിച്ചു. ഒരു കലാസൃഷ്ടിയില്‍ സ്ഥലത്തിന്റെയും സമൂഹത്തിന്റെയും പങ്കാളിത്തത്തിന്റെ പ്രാധാന്യത്തിനുളള വഴികള്‍ ആവിഷ്‌കരിച്ച മഹാമ ഓര്‍മ, ഭൗതികത, അധ്വാനം, ചരിത്രം എന്നിവയുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള പ്രതിപാദ്യമാണ് 'പാര്‍ലമെന്റ് ഓഫ് ഗോസ്റ്റ്‌സി'ന്റേതെന്ന് വെളിപ്പെടുത്തി. മഹാമയുടെ കൃതികളില്‍ അളവിന്റെയും വസ്തുക്കളുടെയും ഉപയോഗത്തെക്കുറിച്ച് വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തവര്‍ക്ക് ധാരണ നല്‍കി.
മഹാമയുടെ കൃതി പ്രതിനിധീകരിക്കുന്ന ശബ്ദമില്ലാത്തവരുടെ നിശബ്ദതയെക്കുറിച്ച് ശില്‍പ്പശാലയിലൂടെ അറിയാന്‍ കഴിഞ്ഞുവെന്ന് അനന്ത് നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ ബിഎഫ്എ വിദ്യാര്‍ഥിയായ അഥര്‍വ് കര്‍ക്കരെ പറഞ്ഞു. ആഖ്യാനങ്ങള്‍ രൂപപ്പെടുത്തുന്നതിന് ശ്രദ്ധാപൂര്‍വ്വം വസ്തുക്കള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മഹാമ സഹായികള്‍ക്ക് നല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാധ്യമം പര്യവേഷണം ചെയ്യുന്നതിനെക്കുറിച്ച് മഹാമ പുതിയ കാഴ്ചപ്പാടുകള്‍ നല്‍കിയെന്ന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സിലെ നാലാം വര്‍ഷ ബിഎഫ്എ വിദ്യാര്‍ത്ഥിനിയായ നിഖില എന്‍.കെ പറഞ്ഞു.
ശില്‍പങ്ങളും ഇന്‍സ്റ്റലേഷനുകളും ചെയ്യുമ്പോഴുള്ള തന്റെ പരിമിതികള്‍ ഭേദിക്കാന്‍ ശില്‍പ്പശാല തനിക്ക് പ്രചോദനമായെന്ന് മാവേലിക്കര രാജാ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ ജയപ്രകാശ് പി അഭിപ്രായപ്പെട്ടു.
വിദ്യാര്‍ഥികള്‍ കസേരകള്‍ നന്നാക്കുകയും കെട്ടിയതും ഒട്ടിച്ചതുമായ ചണ ബാഗുകള്‍ തൂക്കിയിടുന്ന തൊഴിലാളികളുടെ മേല്‍നോട്ടം വഹിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























