സഹോദരനും സഹോദരിയും മരണത്തിലും ഒരുമിച്ച്.... കുട്ടികളുടെ അകാലവേർപാടിൽ മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും

മാർത്താണ്ഡം∙ മേൽപാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾ മരിച്ചു. നെയ്യാറ്റിൻകര പയറ്റുവിള കൊല്ലകോണം കിഴക്കരിക് വീട്ടിൽ വിജയകുമാർ–റീഷ ദമ്പതികളുടെ മക്കളായ വി.രഞ്ജിത് കുമാർ(24), സഹോദരി രമ്യ(22) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 7.30ന്, അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു.
ബൈക്ക് പാലത്തിൽനിന്ന് 30 അടി താഴ്ചയിലേക്കു വീണു. രഞ്ജിത് കുമാർ സംഭവസ്ഥലത്തു മരിച്ചു. രമ്യയെ കുഴിത്തുറ സർക്കാർ ആശുപത്രിയിലും പിന്നീട് ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആ കാഴ്ച കണ്ണീർക്കാഴ്ചയായി... സഹോദരനും സഹോദരിയും മരണത്തിലും ഒന്നിച്ചത് വീടിനൊപ്പം നാടിന്റെയും ദു:ഖമായി മാറി. മാതാപിതാക്കളും രണ്ടു മക്കളും ചേർന്ന കുടുംബത്തിലെ കുട്ടികളുടെ അകാലവേർപാടിൽ മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും കണ്ണീരണിയുകയാണ്. കഷ്ടതകൾക്കിടെ കഠിനാധ്വാനത്തിലൂടെ പഠിച്ചു ജോലി നേടിയതിലെ സന്തോഷത്തിനും ശോഭനമായ ഭാവിയെന്ന സ്വപ്നത്തിനും അധിക ആയുസ്സ് നൽകാതെയാണ് വിധി ഇരുവരുടെയും ജീവൻ കവർന്നത്. കൽപണിക്കാരൻ വിജയകുമാറിന്റെയും കോട്ടുകാൽ ഹരിതസേനാംഗം റീഷയുടെയും മക്കളാണ് ഇരുവരും.
രാവിലെ അമ്മയോട് സന്തോഷത്തോടെ യാത്ര പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ഇരുവരുടെയും ചേതനയറ്റ ശരീരം വൈകിട്ട് എത്തിയപ്പോൾ വീട്ടുകാർക്കൊപ്പം നാടും തേങ്ങി. മാതാപിതാക്കളും രണ്ടു മക്കളും തമ്മിലുണ്ടായിരുന്നതു വലിയ ആത്മബന്ധമായിരുന്നുവെന്നു സമീപവാസികൾ പറയുന്നു.
വളരെ കഷ്ടപ്പെട്ടാണ് വിജയകുമാർ മക്കളെ പഠിപ്പിച്ചത്. ഇരുവരും ജോലി നേടിയപ്പോൾ ഏറെ സന്തോഷമായിരുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളിലും മാതാപിതാക്കൾക്കൊപ്പം രണ്ടു മക്കളും കൂടും.
ഇവർ നാലുപേരുടെയും അധ്വാനത്താലായിരുന്നു വീടു പണിതത് . വീടിന്റെ അറ്റകുറ്റപ്പണിയുൾപ്പെടെ നടത്തണമെന്നതും തങ്ങളെ പഠിപ്പിച്ച വകയിലുള്ള പിതാവിന്റെ കടബാധ്യത തീർക്കണമെന്നതും മക്കളുടെ ആഗ്രഹമായിരുന്നു. ഇരുവരും ജോലിക്ക് ഒരുമിച്ചാണു പോയി വന്നിരുന്നത്.
നാട്ടിലെ എല്ലാ കാര്യങ്ങളിലും സജീവമായി നിന്നിരുന്ന കുട്ടികൾ ആരാധനാലയത്തിലെ ക്വയർ സംഘത്തിലും ഉണ്ടായിരുന്നു.
പ്രിയമക്കളുടെ വിയോഗത്തിന്റെ ആഘാതത്തിലായ അച്ഛനമ്മമാര സമാധാനിപ്പിക്കാൻ പാടുപെടുകയാണ് ബന്ധുക്കളും നാട്ടുകാരും. മൃതദേഹങ്ങൾ കോട്ടുകാൽ സിഎസ്ഐ ചർച്ചിലെ പൊതു ദർശനത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
അതേസമയം സ്വകാര്യ ഐടി സ്ഥാപനത്തിൽ ഉദ്യോഗസ്ഥനാണ് രഞ്ജിത് കുമാർ. രമ്യ പാരാമെഡിക്കൽ റേഡിയോളജി കോഴ്സിൽ ഇന്റേൺഷിപ് ചെയ്യുകയായിരുന്നു.
"https://www.facebook.com/Malayalivartha

























