പാലക്കാട് അറ്റകുറ്റപ്പണിക്കിടെ കാലപ്പഴക്കം ചെന്ന മൂന്നുനില കെട്ടിടം തകര്‍ന്ന് വീണു; ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മൂന്നുനില കെട്ടിടം തകര്‍ന്നു വീണു. മൊബൈല്‍ ഫോണ്‍ കടകളും ലോഡ്ജും ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. കാലപ്പഴക്കമാണ് കെട്ടിടം തകര്‍ന്നു വീഴാന്‍ കാരണമായിരിക്കുന്നത്.
കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൂന്നുപേരെ നാട്ടുകാരും അഗ്നിശമനസേന പ്രവര്‍ത്തകരും ചേര്‍ന്ന് പുറത്തെടുത്തു. ഇവരെ പാലക്കാട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മൂവരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ആളുകള്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്ന് പരിശോധന തുടരുകയാണ്.
ഉച്ചയ്ക്ക് ഒന്നോടെയാണ് ദുരന്തമുണ്ടായത്. ഉച്ചയൂണിനായി പല സ്ഥാപനങ്ങളും അടച്ചതിനാല്‍ കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുറവായിരിക്കും എന്ന അനുമാനത്തിലാണ് പോലീസ്. എങ്കിലും ഇരുപതോളം പേരെങ്കിലും കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും സംശയിക്കുന്നുണ്ട്. കെട്ടിടത്തിന്‍റെ ഏറ്റവും മുകള്‍ഭാഗം ടിന്‍ഷീറ്റ് ഇട്ട നിലയിലായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha

























