നടിയെ ആക്രമിച്ച കേസില്‍ മനപ്പൂര്‍വ്വം പ്രതി ചേര്‍ത്ത കേസില്‍ സിബിഐ അന്വേഷണം വേണം ; ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെ ദില്ലിയിലെത്തി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്

നടിയെ ആക്രമിച്ച കേസില്‍ തന്നെ മനപ്പൂര്‍വ്വം പ്രതി ചേര്‍ത്തതാണ് എന്നും കേസില്‍ സിബിഐ അന്വേഷണം വേണം എന്നും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെ ദിലീപ് ദില്ലിയിലെത്തി മുന്‍ അറ്റോര്‍ണി ജനറല്‍ ആയ മുകുള്‍ റോത്തഗിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ഒരു സ്വകാര്യ ചാനലാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി വാദിക്കാന്‍ സുപ്രീം കോടതി അഭിഭാഷകന്‍ വന്നേക്കും എന്നുള്ള സൂചനകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ജൂലൈ മൂന്നാമത്തെ ആഴ്ചയിലാണ് ദിലീപ് ദില്ലിയിലെത്തി മുകുള്‍ റോത്തഗിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ട വാര്‍ത്തയില്‍ പറയുന്നു. ദില്ലി സുന്ദര്‍ നഗറിലെ റോത്തഗിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 25 മിനുറ്റോളും റോത്തഗിയും ദിലീപും തമ്മില്‍ കേസുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ദില്ലിയിലെത്തിയ വഴി ദിലീപിനൊപ്പം കേരളത്തില്‍ നിന്നുള്ള ഒരു അഭിഭാഷകനും മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ അഭിഭാഷകരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം നാളെ ദിലീപിന്റെ കേസില്‍ ഹാജരാകാന്‍ ദില്ലിയില്‍ നിന്നും മുകുള്‍ റോത്തഗി കൊച്ചിയിലേക്ക് എത്തുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലെന്നും റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ പറയുന്നു. കൂടാതെ പ്രമുഖ സുപ്രീം കോടതി അഭിഭാഷകനായ ഹരീഷ് സാല്‍വേയെ കേസില്‍ എത്തിക്കാനും ദിലീപ് ശ്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ കേരളത്തിലെ പ്രമുഖ അഭിഭാഷകരില്‍ ഒരാളായ രാമന്‍ പിള്ളയാണ് ദിലീപിന് വേണ്ടി നടിയെ ആക്രമിച്ച കേസില്‍ ഹാജരാകുന്നത്.
https://www.facebook.com/Malayalivartha

























