രാജിവയ്പ്പിക്കാനൊരുങ്ങിയവര്‍ നിലനില്‍പ്പിനായി തച്ചങ്കരിക്ക് മുമ്പില്‍... എം.ഡി രാജി വയ്‌ക്കേണ്ട സാഹചര്യമില്ല; കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് യൂണിയനുകളെ അകറ്റി നിറുത്തുന്നത് ഒഴിവാക്കിയാല്‍ മതി; തച്ചങ്കരിയെ പാഠം പഠിപ്പിക്കുമെന്നും പുകച്ച് പുറത്തു ചാടിക്കുമെന്നും പറഞ്ഞ നേതാക്കളുടെ മനംമാറ്റം

കെ.എസ്.ആര്‍.ടി.സി സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ഭാരവാഹികള്‍ തച്ചങ്കരിയുമായി കോംപ്രമൈസായി. എം.ഡി രാജി വയ്‌ക്കേണ്ട സാഹചര്യമില്ല. കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് യൂണിയനുകളെ അകറ്റി നിറുത്തുന്നത് ഒഴിവാക്കിയാല്‍ മതിയെന്നാണ് അവരുടെ അഭ്യര്‍ത്ഥന. കെ എസ് ആര്‍ ടി സി എംഡി തച്ചങ്കരിയെ പാഠം പഠിപ്പിക്കുമെന്നും പുകച്ച് പുറത്തു ചാടിക്കുമെന്നും പറഞ്ഞ നേതാക്കളാണ് ഇപ്പോള്‍ നിലപാട് മയപ്പെടുത്തുന്നത്.
എംഡിക്കെതിരെ ആരോപണം ഉയര്‍ത്തുമ്പോഴും ജീവനക്കാരുടെ ശമ്പളം മുടക്കാന്‍ കള്ളക്കളി നടത്തിയ ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ യൂണിനുകാര്‍ വിമര്‍ശിക്കുന്നതുമില്ല.
ശമ്പളം മുടക്കാന്‍ ജ്യോതിലാല്‍ നടത്തിയ നീക്കങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ട് ഇല്ലായ്മ ചെയ്തു. ഇതിനൊപ്പം ഗതാഗതമന്ത്രി എകെ ശശീന്ദ്രനോടും തച്ചങ്കരിക്കൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. കടുത്ത നടപടികളിലൂടെ മാത്രമേ കെ എസ് ആര്‍ ടി സിയെ നന്നാക്കിയെടുക്കാനാവൂ എന്നാണ് മുഖ്യമന്ത്രിയും വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ തച്ചങ്കരിയെ പുറത്താക്കാനാകില്ലെന്ന് യുണിയനുകളും തിരിച്ചറിയുന്നു. ഇതോടെയാണ് എംഡി മാറേണ്ടതില്ലെന്നും തങ്ങളെ കൂടി പരിഗണിച്ചാല്‍ മതിയെന്നുമുള്ള നിലപാടില്‍ യൂണിയനെത്തുന്നത്.
തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍' മാധ്യമശ്രദ്ധ നേടാനുള്ള പൊടിക്കൈകളാണെന്നും, പുതിയ സര്‍വീസുകളുണ്ടാക്കുന്ന കോടികളുടെ നഷ്ടം മറച്ചുവയ്ക്കുകയാണെന്നും കെ.എസ്.ആര്‍.ടി.സി സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചട്ടുണ്ട്. പ്രതിദിനം 12,000 രൂപ ചെലവിടുന്ന ഫ്‌ളൈ ബസുകള്‍ക്ക് 2500രൂപയാണ് ശരാശരി വരുമാനം. ചില്‍ ബസുകളുള്‍പ്പെടെ പുതുതായാരംഭിച്ച സര്‍വീസുകളില്‍ പലതും നഷ്ടത്തിലാണ്. എം.ഡി രാജി വയ്‌ക്കേണ്ട സാഹചര്യമില്ല. കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് യൂണിയനുകളെ അകറ്റി നിറുത്തുന്നത് ഒഴിവാക്കിയാല്‍ മതിയെന്നാണ് പ്രഖ്യാപനം.
ആറിന് രാത്രി 12 മുതല്‍ 7ന് രാത്രി 12വരെ പ്രഖ്യാപിച്ചിട്ടുള്ള 24 മണിക്കൂര്‍ സൂചനാ പണിമുടക്കുമായി മുന്നോട്ടുപോകും. സിഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി യൂണിയനുകള്‍ ഉള്‍പ്പെടെ പങ്കെടുക്കും. 15 ദിവസം മുമ്പ് കത്ത് നല്‍കി സമരം പ്രഖ്യാപിച്ചിട്ടും ഗതാഗത മന്ത്രിയോ എം.ഡിയോ ചര്‍ച്ചയ്ക്ക് വിളിക്കാത്തത് വെല്ലുവിളിയാണെന്നും യൂണിയന്‍ നേതാക്കള്‍ പറയുന്നു. കോര്‍പ്പറേറ്റുകളുടെ താല്‍പര്യമാണ് െകഎസ്ആര്‍ടിസിയില്‍ എംഡി ടോമിന്‍ ജെ. തച്ചങ്കരി നടപ്പാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവും സിഐടിയു നേതാവുമായ ആനത്തലവട്ടം ആനന്ദന്‍ ആരോപിച്ചിരുന്നു. സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളെ ശിഥിലമാക്കാനാണ് തച്ചങ്കരിയുടെ ശ്രമം. ഇത് കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ തൊഴിലാളി യൂണിയനുകള്‍ തയ്യാറല്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
തൊഴിലാളി യൂനിയനുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തച്ചങ്കരി നേരത്തെ പ്രതികരിച്ചിരുന്നു. തൊഴിലാളികള്‍ അനുഭവിച്ച് വന്ന ഔദാര്യങ്ങള്‍ ഇല്ലാതായതോടെയാണ് തനിക്കെതിരെ വിമര്‍ശനം ഉയരുന്നത്. കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട ഗുണം ലഭിക്കുന്നില്ല. പൊതുമേഖല സ്ഥാപനങ്ങളില്‍ യൂനിയനുകള്‍ തീരുമാനമെടുക്കുന്ന അവസ്ഥ മാറണമെന്നും തച്ചങ്കരി പറഞ്ഞു. ഭരണകാര്യങ്ങളില്‍ കൈകടത്താന്‍ തൊഴിലാളി യുനിയനുകളെ അനുവദിക്കില്ലെന്ന് തച്ചങ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു.
കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന തൊഴിലാളികളെ തച്ചങ്കരി പരസ്യമായി അധിക്ഷേപിച്ചുവെന്ന് സിഐ.ടി.യു സംസ്ഥാന സെക്രട്ടേറിയറ്റില്‍ പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിറകെയാണ് യൂനിയനുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം.ഡി രംഗത്തെത്തിയത്. ഈ ഭിന്നത ഇപ്പോഴും തുടരുകയാണ്. കെ.എസ്.ആര്‍.ടി.സി. തുടര്‍ന്നുവന്നിരുന്ന ആരോഗ്യപരമല്ലാത്ത ശീലങ്ങളില്‍ നിന്നും മാറാന്‍ ജീവനക്കാര്‍ തയ്യാറാകാത്തതാണ് പ്രശ്‌നമെന്നാണ് തച്ചങ്കരിയുടെ വിലയിരുത്തല്‍. മിഡില്‍ ലെവല്‍ മാനേജ്‌മെന്റ് നടത്തുന്ന ജീവനക്കാരാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണക്കാര്‍. ജീവനക്കാരുമായി എംഡി നേരിട്ട് സംവദിക്കുന്നതില്‍ യുണയന് താല്‍പ്പര്യമില്ല.
ജീനക്കാരുമായി നേരിട്ട് ഇടപെടുന്ന രീതിയാണ് തന്റേതെന്നും എന്നാല്‍ ഇതില്‍ അസംതൃപ്തരായ ഉദ്യോഗസ്ഥരാണ് ട്രേഡ് യൂണിയനുകളുമായി ചേര്‍ന്ന് ഇപ്പോഴത്തെ സമരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും തച്ചങ്കരി നേരത്തെ ആരോപിച്ചിരുന്നു. െ്രെഡവര്‍മാരും കണ്ടക്ടര്‍മാരും കെ.എസ്.ആര്‍.ടി.സി.യിലെ മറ്റു തൊഴിലാളികളും തന്റെ സമീപനങ്ങളും താന്‍ കൊണ്ടുവരുന്ന മാറ്റങ്ങളുമായും നല്ല സഹകരണമാണ് നല്‍കുന്നതെന്നും അതാണ് തന്നെ പുതിയ പരീക്ഷണങ്ങളും സാധ്യതകളുമായി മുന്നോട്ട് പോകാന്‍ പ്രാപ്തനാക്കുന്നതെന്നും തച്ചങ്കരി പറയുന്നു. ഇതില്‍ പല തട്ടുകളിലായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നീരസമുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നും തച്ചങ്കരി പറയുന്നു.
ഉയര്‍ന്ന ഉദ്യോഗസ്ഥരെക്കാളും താഴേക്കിടയിലുള്ള തൊഴിലാളികളുമായി നേരിട്ട് ബന്ധപ്പെടുമ്പള്‍ തനിക്ക് കൃത്യവും വ്യക്തവുമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ലഭിക്കാറുള്ളതെന്നും തച്ചങ്കരി അഭിപ്രായപ്പെടുന്നു. പലപ്പോഴും ഉദ്യോഗസ്ഥര്‍ തരുന്ന കണക്കുകളേക്കാള്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നത് സാധാരണക്കാരായ ഡ്രൈവര്‍മാരില്‍ നിന്നോ കണ്ടക്ടര്‍മാരില്‍ നിന്നോ ആയിരിക്കുമെന്നും തച്ചങ്കരി പറയുന്നു. നിലവില്‍ സിഐ.ടി.യു., ഐ.എന്‍.ടി.യു.സി.. എ.ഐ.ടി.യു.സി., ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി.യില്‍ സംയുക്ത പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha
























