മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ (90) അന്തരിച്ചു . മഹാരാഷ്ട്ര ലാത്തൂരിലെ വസതിയിൽ രാവിലെ 6:30 ഓടെയായിരുന്നു അന്ത്യം. അസുഖബാധിതനായി ദീർഘകാലമായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ലോക്‌സഭാ സ്പീക്കർ, കേന്ദ്ര മന്ത്രിസഭയിലെ വിവിധ പ്രധാന വകുപ്പുകൾ എന്നിവയുൾപ്പെടെ നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
1935 ഒക്ടോബർ 12ന് ലാത്തൂരിൽ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടേയും മകനായി ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദിലുള്ള ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ്‌സിയും ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടി. ലാത്തൂരിൽ നിന്ന് 1972ൽ നിയമസഭയിലെത്തി. 1980ൽ പാർലമെന്റിൽ എത്തിയ ശേഷം ശിവരാജ് പാട്ടീൽ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുകയും ചെയ്തു. ആദ്യം ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിലും പിന്നീട് രാജീവ്ഗാന്ധിയുടെ മന്ത്രിസഭയിലും അംഗമായിരുന്നു. നെഹ്റു, ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. 1991ൽ സ്പീക്കറായിരിക്കുമ്പോഴാണ് ലാത്തൂരിൽ ഭൂകമ്പം ഉണ്ടാകുന്നത്. അപ്പോൾ ദുരന്തമുഖത്ത് നേരിട്ടെത്തുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്തിരുന്നു.1991 മുതല്‍ 1996 വരെ ലോക്‌സഭയുടെ 10-ാമത് സ്പീക്കറായിരുന്നു. ലത്തൂര്‍ ലോക്‌സഭാ സീറ്റില്‍ ഏഴ് തവണ വിജയിച്ചു. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ രൂപതായ് പാട്ടീല്‍ നീലംഗറോട് പരാജയപ്പെട്ടു.
2004 മുതല്‍ 2008 വരെ ആഭ്യന്തരമന്ത്രിയായിരുന്നു. എന്നാൽ, നാല് വർഷത്തിനുള്ളിൽ രാജിവെച്ചു. മുംബൈ ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രാജി വെച്ചത്. 2010 മുതല്‍ 2015 വരെ പഞ്ചാബിന്റെ ഗവര്‍ണറായും ചണ്ഡീഗഢ് കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്മിനിസ്‌ട്രേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
https://www.facebook.com/Malayalivartha



























