പഞ്ചാരയടിച്ച് വലയിൽ വീഴ്ത്തുന്നത് നിരവധി പെൺകുട്ടികളെ... വിശ്വാസം പിടിച്ച് പറ്റാൻ എന്ത് തറ വേലയാണെങ്കിലും സ്വീകരിക്കും; ദുബായിലും കേരളത്തിലും നിറഞ്ഞാടിയ നെടുമങ്ങാട് സ്വദേശി അനിലിന്റെ തട്ടിപ്പ് കഥ പുറത്തായപ്പോൾ ചുരുളഴിയുന്നത് നിരവധി യുവതികളുടെ കണ്ണീർ കഥകൾ

2015ൽ ഭർത്താവുമായി പിണങ്ങി കഴിഞ്ഞ ഒരു യുവതിയെ കണ്ടുമുട്ടിയതോടെയാണ് അനിലിന്റെ ജീവിതത്തിലെതട്ടിപ്പുകൾ പുറംലോകം അറിയാൻ നിമിത്തമായത്. അവരുടെ ബ്യൂട്ടി പാർലറിൽ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനത്തിന്റെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തി യുവാവ് സമീപിച്ചു. ഫോൺ നമ്പർ കൈക്കലാക്കി. പിന്നെ സ്ഥിരം വിളിയായി. ഉൽപ്പന്നങ്ങൾ വേണ്ടെന്ന് പറഞ്ഞൊഴിവാക്കി. പിന്നീട് വിളി ദുബായിലെ നമ്പറിൽ നിന്നായി.
വാക്ചാതുരിയോടെയുള്ള സംസാരത്തിൽ സൗഹൃദത്തിലായെന്ന് യുവതി സമ്മതിക്കുന്നു. അവിവാഹിതനായ തനിക്ക് വിവാഹം ചെയ്യാൻ താൽപ്പര്യമുണ്ടെന്നും അറിയിച്ചു. അനിൽ നാട്ടിലെത്തി യുവതിയുടെ വീട്ടുകാരുമായി സംസാരിച്ചു. വീട്ടുകാർ എതിർത്തപ്പോൾ യുവതി ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറ്റി. താമസിയാതെ യുവതിക്ക് ദുബായിലേക്ക് സന്ദർശക വിസ തരപ്പെടുത്തിക്കൊടുത്തു. അവിടെ ബ്യൂട്ടി പാർലറുകളിൽ ജോലിക്കായി ശ്രമിച്ചുകൊണ്ടിരിക്കെ മൂന്നാം നാൾ പിതാവ് മരിച്ചെന്ന വാർത്ത അറിഞ്ഞു. ഉടൻ യുവതി നാട്ടിലേക്ക് തിരിച്ചു. അമ്മയുമായുള്ള പിണക്കം മാറി വീട്ടിൽ മകളുമൊത്ത് കഴിയവെ അനിൽ വീണ്ടും സമീപിച്ചു. ഗൾഫിലെ തന്റെ മുറിയിൽ മറന്നുവച്ച പത്ത് പവനുമായിട്ടായിരുന്നു വരവ്. ഇതോടെ എല്ലാവരുടെയും വിശ്വാസം ആർജ്ജിച്ചു.
കൊല്ലം സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് വിവാഹിതരായി. യുവതിയെയും മകളെയും വൃദ്ധ മാതാവിനെയും ദുബായിലേക്ക് കൊണ്ടുപോയി. പുതിയ ചില ബിസിനസ് സംരംഭങ്ങളിൽ നിക്ഷേപിക്കാനെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 40 പവനും 49 ലക്ഷവും കൈക്കലാക്കി. അതേസമയം, യുവതിക്ക് ജോലി വാങ്ങി നൽകിയില്ല. തുടർന്ന് യുവതിയും വീട്ടുകാരും നാട്ടിലേക്ക് മടങ്ങിയെങ്കിലും യുവതിയെ മൂന്നുതവണ സന്ദർശക വിസയിൽ ദുബായിൽ കൊണ്ടുപോയി.
നാട്ടിൽ യുവതിയെ സന്തോഷിപ്പിക്കാൻ പുത്തൻ കാറും സമ്മാനിച്ചു. തവണ വ്യവസ്ഥയിൽ വാങ്ങിയ കാറിന്റെ തിരിച്ചടവിനായും ചെലവിനായും 30,000 രൂപ അയച്ചുകൊടുത്തു. ഫെബ്രുവരിയോടെ ഇത് മുടങ്ങി. ഇതിനിടെ ഏറ്റവും ഒടുവിലായി യുവതി ദുബായിലെത്തിയപ്പോൾ സംസാര ശൈലിയിൽ മാറ്റമുണ്ടായി. സെക്സ് റാക്കറ്റിന് വഴങ്ങിയാൽ ഞൊടിയിടയിൽ സമ്പന്നയാകാമെന്ന് സൂചിപ്പിച്ചു. ഇതോടെയാണ് മേയ് 27ന് പൊലീസിൽ പരാതി നൽകിയത്.
ഇരുപതാം വയസിൽ ഗൾഫിൽ നിന്നുള്ള സ്വർണക്കടത്തിന് കൊഫെപോസ പ്രകാരം അറസ്റ്റിലായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനിൽ (അനിലാൽ എന്ന അബ്ദുൾ വാഹിദ് 45) നിലവിൽ നേരിടുന്നത് ആൾമാറാട്ടം, വ്യാജ രേഖ ചമയ്ക്കൽ, പെൺവാണിഭം, പണവും സ്വർണവും തട്ടിയെടുക്കൽ, ബ്ലാക്ക് മെയിലിംഗ്, വഞ്ചന തുടങ്ങി നിരവവധി കേസുകളിലെ അന്വേഷണം.
കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് സമീപം ബ്യൂട്ടി പാർലർ നടത്തുന്ന 34 കാരി നൽകിയ പരാതിയെ തുടർന്നാണ് കഴിഞ്ഞ ദിവസം ഗുരുവായൂരിൽ നിന്ന് പള്ളിത്തോട്ടം എസ്.ഐ ആർ.ബിജു അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ കേരളവും ദുബായും തട്ടകമാക്കി നടത്തിയ കുറ്റകൃത്യങ്ങളുടെ ചുരുളഴിഞ്ഞു. റിമാൻഡിലായ അബ്ദുൾ വാഹിദിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമ്പോൾ നിരവധി തട്ടിപ്പുകളുടെ വിവരം പുറത്തുവരുമെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























