തച്ചങ്കരിയെ അഴിമതിക്കാരനാക്കി തുരത്താൻ നീക്കം; പർച്ചേസിന് സർക്കാർ തല കമ്മിറ്റി

കെ എസ് ആർറ്റിസി എം ഡി ടോമിൻ തച്ചങ്കരിയുടെ പ്രവൃത്തികൾ സംശയാസ്പദമാണെന്ന് ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാൽ സർക്കാരിന് റിർപ്പോർട്ട് നൽകി. തച്ചങ്കരിയെ നിയന്ത്രിക്കുന്നതിന് സർക്കാർ പ്രത്യേകം സമിതിയെയും നിയോഗിച്ചു. മുഖ്യമന്ത്രിയുമായി ഏറെ അടുത്തു നിൽക്കുന്ന തച്ചങ്കരിക്ക് ജേക്കബ് തോമസിന്റെ ഗതി വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
തച്ചങ്കരിയുടെ നൂതന പ്രവർത്തനങ്ങളാണ് ഗതാഗത വകുപ്പിനെ ചൊടിപ്പിച്ചത്. ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാൽ കെ എസ് ആർറ്റിസിയിൽ നിന്നുമെത്തുന്ന സകല ഫയലുകളും ഭൂതകണ്ണാടിയുടെ സഹായത്തോടെയാണ് പരിശോധിക്കുന്നത്. ബസുകളിൽ ജി പി എസ് സംവിധാനം നടപ്പിലാക്കാനും ഇ ബസ് വാങ്ങാനും കോടികൾ ചെലവഴിക്കാൻ തച്ചങ്കരി തീരുമാനിച്ചിരിക്കുമ്പോഴാണ് ഗതാഗത സെക്രട്ടറി ഉടക്കിട്ടത്. വൻകിട പർച്ചേസുകൾ താൻ തന്നെ നടത്താം എന്ന തച്ചങ്കരിയുടെ തീരുമാനം അംഗീകരിക്കാൻ ജ്യോതിലാൽ തയ്യാറല്ല. ജ്യോതിലാലിന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ പിന്തുണയുണ്ടെന്നാണ് സൂചന.
തച്ചങ്കരിയെ അഴിമതിക്കാരനാക്കാനുള്ള ഒരു ഗൂഢാലോചനയാണ് അണിയറയിൽ നടക്കുന്നത്. ഏത് വിദ്വാനും അടിതെറ്റാൻ സാധ്യതയുള്ള തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. തച്ചങ്കരിയെ സംബന്ധിച്ചsത്തോളം കരിയറിൽ അത്ര ശോഭനമായ പൂർവകാലമല്ല ഉള്ളത്. പല പർച്ചേസുകളും സുതാര്യമായല്ല അദ്ദേഹം നടത്തുന്നതെന്ന ആക്ഷേപം വകുപ്പിലുണ്ട്. പല ഘട്ടങ്ങളിലും മന്ത്രിയെ പോലും അവഗണിക്കുന്നു എന്ന ആക്ഷേപവും നിലവിലുണ്ട്. ഗതാഗത സെക്രട്ടറി, ഐ.ടി.സെക്രട്ടറി, തച്ചങ്കരി എന്നിവരെ അംഗങ്ങളാക്കി പർച്ചേസ് കമ്മിറ്റി ഉണ്ടാക്കിയത് തന്നെ കുരുക്കാനാണെന്ന് തച്ചങ്കരിക്കറിയാം. കമ്മിറ്റിയുടെ നേരവും കാലവും നോക്കി തനിക്ക് തീരുമാനമെടുക്കാൻ ആകില്ലെന്നാന്ന് തച്ചങ്കരിയുടെ വാദം. അത് അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല. സർക്കാർ ഉദ്യോഗസ്ഥനാണെങ്കിൽ സർക്കാർ പറയുന്നത് അനുസരിക്കണമെന്നാണ് സർക്കാരിന്റെ വാദം. ബംഗളുരുവിലെ കമ്പനിയെ ടിക്കറ്റ് ബുക്കിങ്ങിന് ചുമതലപ്പെടുത്തിയതും തച്ചങ്കരിക്കെതിരായ ആക്ഷേപമായി മാറിയിട്ടുണ്ട്.
ചീഫ് സെക്രട്ടറിയുമായി ഗതാഗത സെക്രട്ടറി ചർച്ച നടത്തിയെന്നാണ് വിവരം. തച്ചങ്കരിയുടെ താത്പര്യപ്രകാരം മാത്രം കാര്യങ്ങൾ നടക്കേണ്ടതില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെയും വാദം.
ജ്യോതി ലാലിനെതിരെ തച്ചങ്കരി മുഖ്യമന്ത്രിയോട് സംസാരിച്ചു എന്നാണ് വിവരം. എന്നാൽ സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രി തയാറാകുമെന്ന് തോന്നുന്നില്ല. അങ്ങനെ സംഭവിച്ചാൽ അത് തെറ്റായ ധാരണകൾക്ക് ഇടയാക്കും. ഗതാഗത മന്ത്രിയും ഗതാഗത സെക്രട്ടറിയും തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുകയാണെന്ന ആക്ഷേപം തച്ചങ്കരിക്കുണ്ട്. തച്ചങ്കരി - ജ്യോതിലാൽ കലഹത്തെ ഐ.എ എസ്, ഐ പി എസ് കലഹമാക്കി മാറ്റാനും തച്ചങ്കരി ശ്രമിക്കുന്നുണ്ട്. എന്നാൽ തച്ചങ്കരിക്ക് സ്വന്തം വിഭാഗത്തിൽ നിന്ന് പോലും വേണ്ടത്ര പിന്തുണയില്ല. ഐ. എ എസുകാരാകട്ടെ തച്ചങ്കരിയെ പിന്തുണക്കുന്നതേയില്ല.
തച്ചങ്കരി തനിക്ക് സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് ഭരണ നേതൃത്വത്തോട് ആവശ്യപ്പെടുന്നത്. എന്നാൽ തങ്കച്ചരി സ്വയം നിയന്ത്രിക്കണമെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. ഗതാഗത മന്ത്രി എതിരായതോടെയാണ് ഗതാഗത സെക്രട്ടറി തച്ചങ്കരിക്കെതിരെ കർശന നിലപാട് സ്വീകരിച്ചത്.
https://www.facebook.com/Malayalivartha

























