ഐ.വി.എഫ്. ശിശുക്കളുടെ കുടുംബ സംഗമം ; റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 8-ാം തീയതി ബുധനാഴ്ച രണ്ട് മണിക്ക് ; ഇന്ത്യയില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുളള ആദ്യ സംരംഭം

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാതൃശിശു ആശുപത്രിയായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി പുതുയുഗത്തിലേക്ക് കടക്കുകയാണ്. കുട്ടികളുണ്ടാകില്ലെന്ന് കരുതിയിരുന്ന 100 ലധികം പേര്‍ക്കാണ് എസ്.എ.ടി.യിലെ അത്യാധുനിക വന്ധ്യതാ ചികിത്സയായ ഐ.വി.എഫ്. (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍) ചികിത്സയിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കഴിഞ്ഞത്. വളരെയധികം ചെലവുള്ള ഐ.വി.എഫ്. ചികിത്സ സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാക്കിക്കൊടുത്തു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഐ.വി.എഫ്. ചികിത്സ വഴി ജനിച്ച 100ലധികം കുട്ടികളുടേയും അവരുടെ മാതാപിതാക്കളുടേയും കുടുംബ സംഗമത്തിന്റേയും സര്‍ക്കാര്‍ പ്രത്യേക വിഭാഗമായി ഉയര്‍ത്തിയ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തിന്റേയും ഉദ്ഘാടനം ആഗസ്റ്റ് 8-ാം തീയതി ബുധനാഴ്ച രണ്ട് മണിക്ക് മെഡിക്കല്‍ കോളേജ് ഓള്‍ഡ് ആഡിറ്റോറിയത്തില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്ക് പ്രസവ സംബന്ധമായ ബാഹുല്യവും സങ്കീര്‍ണതകളും കാരണം വന്ധ്യതാ ചികിത്സയ്ക്ക് വേണ്ടത്ര സമയം ലഭിക്കാത്തതിനാലാണ് പുതുതായി റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം ആരംഭിക്കുതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് ഈ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന എം.സി.എച്ച്. കോഴ്‌സ് ഇന്ത്യയിലെ രണ്ട് സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണുള്ളത്. ഈയൊരു സാഹചര്യത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതിന് പ്രൊഫസര്‍, അസോ. പ്രൊഫസര്‍, അസി. പ്രൊഫസര്‍ ഉള്‍പ്പെടെ 3 തസ്തികകള്‍ സൃഷ്ടിച്ചത്. എം.സി.എച്ച്. കോഴ്‌സ് തുടങ്ങുവാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരികയാണ്. അതോടെ ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ എം.സി.എച്ച്. കോഴ്‌സ് നടത്തുന്ന സ്ഥാപനമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാറും. കുഞ്ഞുങ്ങളില്ലാത്ത നിരവധി ദമ്പതിമാര്‍ക്ക് ഇത് വലിയ അനുഗ്രഹമാകുമെന്നും മന്ത്രി പറഞ്ഞു.
റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം
ഇന്ത്യയില്‍ സംസ്ഥാന സര്‍ക്കാരുകളുടെ കീഴിയുള്ള ആദ്യത്തെ ഐ.വി.എഫ്. സംരഭമാണ് എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ്. നൂതനമായ ഒരു ചികിത്സാ വിഭാഗമാണിത്. വന്ധ്യതയ്ക്ക് കാരണമായ വിവിധ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുകയും പരിഹരിക്കുകയും ചെയ്യാനും ഐ.വി.എഫ്. പോലെയുള്ള നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ദമ്പതികള്‍ക്ക് കുഞ്ഞെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതുകൂടാതെ വന്ധ്യതയ്ക്ക് കാരണമായ പല പ്രശ്‌നങ്ങളും താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനും സാധിക്കും.
ഐ.വി.എഫ്., ഇന്‍ട്രാ സൈറ്റോപ്ലാസ്മിക് സ്‌പേം ഇന്‍ജക്ഷന്‍ (ഐ.സി.എസ്.ഐ.), എബ്രിയോ ആന്റ് സ്‌പേം ക്രയോപ്രിസര്‍വേഷന്‍, ബ്ലാസ്റ്റോസിസ്റ്റ് ട്രാന്‍സ്ഫര്‍, ലേസര്‍ അസിസ്റ്റഡ് ഹാച്ചിംഗ്, സര്‍ജിക്കല്‍ സ്‌പേം റിട്രൈവല്‍, ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍ ഫോളോവിംഗ് ക്യാന്‍സര്‍, ഐ.യു.ഐ., ലാപറോസ്‌കോപിക് സര്‍ജറി, ഹിസ്റ്ററോസ്‌കോപിക് സര്‍ജറി തുടങ്ങിയ നൂതന ചികിത്സാ സംവിധാനങ്ങളാണ് റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തിലുള്ളത്.
എന്താണ് ഐ.വി.എഫ്. ചികിത്സ?
ശരീരത്തിനു പുറത്ത് കൃത്രിമാവസ്ഥയില്‍ അണ്ഡങ്ങളെ പുരുഷബീജം കൊണ്ട് ബീജസങ്കലനം ചെയ്യിക്കുന്ന പ്രക്രിയയാണ് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ അഥവാ ഐ.വി.എഫ്. വന്ധ്യതാ ചികിത്സയില്‍ മറ്റ് സാധ്യതകളെല്ലാം പരാജയപ്പെടുന്ന അവസ്ഥയിലാണ് ഈ നൂതന മാര്‍ഗം തെരഞ്ഞെടുക്കുന്നത്.
ഐ.വി.എഫ്. സാങ്കേതികവിദ്യയില്‍ ഹോര്‍മോണുകളുടെ സഹായത്തോടെ സ്ത്രീയുടെ അണ്ഡോല്‍പ്പാദനത്തെ കൃത്രിമമായി നിയന്ത്രിക്കുന്നു. അങ്ങനെ ഉല്പാദിപ്പിക്കുന്ന അണ്ഡകോശങ്ങളെ സ്ത്രീശരീരത്തില്‍ നിന്ന് മാറ്റി പ്രത്യേകം രൂപപ്പെടുത്തിയ ഒരു പ്രത്യേക കള്‍ച്ചര്‍ മീഡിയയില്‍ നിക്ഷേപിച്ച് അവയെ പുരുഷബീജങ്ങളെക്കൊണ്ട് ബീജസങ്കലനം ചെയ്യിച്ച് ഭ്രൂണമാക്കി (Embryo) മാറ്റുകയും ചെയ്യുന്നു. ഇത് പിന്നീട് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് കുഞ്ഞിനെ വളര്‍ത്തിയെടുക്കുന്നു.
ദമ്പതികളില്‍ 15 ശതമാനം വന്ധ്യത
ലോകമെമ്പാടും വന്ധ്യതയുടെ നിരക്ക് പല കാരണങ്ങള്‍ കൊണ്ട് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ശരാശരി 15 ശതമാനം ദമ്പതികളില്‍ വന്ധ്യത കാണപ്പെടുന്നു. പുരുഷന്‍മാരിലും സ്ത്രീകളിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളും അപൂര്‍വമായി ഇരുവരിലും ഒന്നിച്ചുണ്ടാകുന്ന പ്രശ്‌നങ്ങളും ആധുനിക ജീവിത സാഹചര്യങ്ങളുമെല്ലാം വന്ധ്യതയ്ക്ക് കാരണമാകുന്നു.
1980 മുതലാണ് എസ്.എ.ടി. ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തിന് കീഴില്‍ വന്ധ്യതാ നിവാരണ ക്ലിനിക് പ്രവര്‍ത്തിച്ചു വരുന്നത്. 2010ല്‍ അത്യാധുനിക നിലവാരത്തിലുള്ള വന്ധ്യതാ ചികിത്സാ ക്ലിനിക്കായി ഉയര്‍ത്തുകയും ഐ.വി.എഫ്. ചികിത്സ തുടങ്ങുകയും ചെയ്തു. സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ സംരഭമായ ഈ ചികിത്സയിലൂടെ 2013 നവംബര്‍ 22 ന് ആദ്യത്തെ ഐ.വി.എഫ്. ശിശുക്കളായ ഇരട്ടക്കുട്ടികള്‍ ജനിച്ചു. തുടര്‍ന്ന് അനേകം അമ്മമാര്‍ക്ക് ഈ ചികിത്സകളിലൂടെ കുഞ്ഞുങ്ങള്‍ ജനിച്ചു. ഐ.വി.എഫ്. ചികിത്സ വഴി മാത്രം 100ലധികം കുഞ്ഞുങ്ങളാണ് ജനിച്ചത്.
സ്വകാര്യ മേഖലയില്‍ വളരെയധികം ചെലവുള്ളതാണ് വന്ധ്യതാ ചികിത്സ. അതിനാല്‍ തന്നെ എസ്.എ.ടി. ആശുപത്രിയിലെ റിപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് വളരെയധികം ആശ്വാസമാകും.
https://www.facebook.com/Malayalivartha

























