ഫേസ്ബുക്ക് പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കി; പിടിയിലായത് ക്ഷേത്ര പൂജാരി; സമാന സംഭവത്തിൽ പൂജാരിയ്‌ക്കെതിരെ മറ്റൊരു കേസ് നിലവിലുണ്ടെന്ന് പോലീസ്

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രപൂജാരി പോലീസ് പിടിയിലായി. തിരുവനന്തപുരം പാറശ്ശാല ആലംകോട് ഇല്ലം കൃഷ്ണപ്രസാദ് (21) നെയാണ് ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
വൈക്കം ചെമ്പിലുള്ള ക്ഷേത്രത്തിലെ പൂജാരിയാണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. മാസങ്ങള്‍ക്ക് മുൻപാണ് ഇയാള്‍ ഈ ക്ഷേത്രത്തില്‍ പൂജാരിയായെത്തിയത്.
കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനിയെ കൂട്ടിക്കൊണ്ടുപോയി ക്ഷേത്രം ഓഡിറ്റോറിയത്തോട് ചേര്‍ന്ന പൂജാരിയുടെ മുറിയില്‍ താമസിപ്പിച്ചായിരുന്നു പീഡനം. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ അയര്‍ക്കുന്നം പോലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രതിയും പെണ്‍കുട്ടിയും പിടിയിലാവുകയായിരുന്നു.
2017-ല്‍ സമാന രീതിയില്‍ മറ്റൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരേ പൊന്‍കുന്നത്ത് കേസുള്ളതായി പോലീസ് പറഞ്ഞു. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.
https://www.facebook.com/Malayalivartha
























