കെ എസ് ആർറ്റിസി ഡ്രൈവർമാർക്ക് ജോലിഭാരം; കൊല്ലം ഇത്തിക്കരയിൽ കെഎസ്ആർറ്റിസി ബസ് ട്രക്കിലിടിച്ച് മൂന്നു പേർ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ ഉറങ്ങിപ്പോയെന്ന് റിപ്പോർട്ടുകൾ: അപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

കൊല്ലം ഇത്തിക്കരയിൽ കെഎസ്ആർറ്റിസി ബസ് ട്രക്കിലിടിച്ച് മൂന്നു പേർ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ ഉറങ്ങി പോയതാണെന്ന വിവരം പുറത്തു വരുമ്പോൾ കെ എസ് ആർറ്റിസി ഡ്രൈവർമാരുടെ ജോലിഭാരത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നു. വയനാട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ റ്റി സി ബസും ട്രക്കും കൂട്ടിയടിച്ചാണ് അപകടം ഉണ്ടായത്. ബസിലെ ഡ്രൈവറും കണ്ടക്ടറും ട്രക്ക് ഡ്രൈവറും ആണ് മരിച്ചത്. സംഭവത്തിന്റെ സിസിറ്റി വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് യാഥാർത്ഥ്യം പുറം ലോകം അറിഞ്ഞത്. ബസ് ഡ്രൈവറുടെ ഭാഗത്താണ് തെറ്റ്. വാഹനം എതിർ വശത്തേക്ക് തിരിഞ്ഞ് ട്രക്കിലിടിക്കുന്ന ദൃശ്യം സി സിറ്റി വിയിൽ കാണാം.
വയനാട് നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്നും വയനാട്ടേക്കും പോകുന്ന കെ എസ് ആർ റ്റി സി ബസുകളിൽ ഒരു ഡ്രൈവറാണുള്ളത്. ദീർഘദൂര വാഹനങ്ങളിൽ രണ്ട് ഡ്രൈവർമാരെ നിയമിക്കണമെന്ന ആവശ്യത്തിന് ദീർഘകാലത്തെ പഴക്കമുണ്ട്. ദീർഘദൂര വാഹനങ്ങളിൽ ഒരൊറ്റ ഡ്രൈവർമാർ ജോലിക്ക് നിയോഗിക്കപ്പെടുക വഴി അപകടങ്ങൾ തുടർക്കഥയാവുകയാണ്. വയനാട് നിന്നും തിരുവനന്തപുരത്ത് ഓടിയെത്തുന്ന ഒരു ബസ് ഏതാനും മണിക്കൂറുകൾക്ക് ശേഷം വയനാട്ടേക്ക് തിരികെ പോകുന്നു . ഡ്രൈവർക്കും കണ്ടക്ടർക്കും സ്വസ്ഥമായി കണ്ണടയ്ക്കാനള്ള സമയം ലഭിക്കാറില്ല. എന്നിട്ടും അവർ വണ്ടിയോടിച്ച് പോകുന്നു. ഓട്ടത്തിനിടയിൽ കണ്ണടയുന്നത് സ്വാഭാവികം മാത്രം.
കെ എസ് ആർ റ്റി സി ഡ്രൈവർമാർക്ക് വിശ്രമിക്കാനുള്ള സൗകര്യം കോർപ്പറേഷൻ നൽകുന്നില്ല. ടോമിൻ ജെ തച്ചങ്കരി കോർപ്പറേഷൻ മേധാവിയായതോടെ ഇതിൽ മാറ്റം വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. കോർപ്പറേഷൻ റസ്റ്റ് ഹൗസ് എന്ന പേരിലാണ് കെട്ടിടം സ്ഥാപിച്ചിട്ടുള്ളതെങ്കിലും റസ്റ്റ് ചെയ്യാനുള്ള സൗകര്യം മാത്രം ഇവിടെയില്ല. കൊതുക് കടി കാരണം ഉറങ്ങാനാവില്ലെന്ന് ഡ്രൈവർമാർ പരാതി പറയുന്നു. അതാത് കാലത്തെ ഗതാഗത മന്ത്രിമാരും മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടും ഫലമുണ്ടായില്ല. പെയ്തു തീരുന്ന മഴയത്ത് കുട നിവർത്തി വേണം ഡ്രൈവർമാർ ഉറങ്ങാതെ കാത്തിരിക്കേണ്ടത്.
അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ രണ്ട് ഡ്രൈവർമാരെ നിയോഗിക്കാറുണ്ട്. സ്വകാര്യ ബസുകളിൽ കിളികളും ഡ്രൈവർമാരാണ്. കെ എസ് ആർ റ്റി സി യിലും രണ്ട് ഡ്രൈവർമാരെ നിയോഗിക്കുമെന്ന് ഇടക്കാലത്ത് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ സ്ഥാപനം നഷ്ടത്തിലാണെന്ന പേരു പറഞ്ഞാണ് ഡ്രൈവർമാരെ നിയോഗിക്കാത്തത്. യാത്രക്കാരുടെ സുരക്ഷിതത്വത്തിന് സർക്കാർ ഒരു വിലയും കൽപ്പിക്കുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ഇത്.
അതിനിടെ ബസ് ഡ്രൈവർമാരിൽ ചിലർ മദ്യപിച്ച് കൊണ്ടാണ് വാഹനം ഓടിക്കുന്നതെന്ന പരാതിയും കേൾക്കുന്നുണ്ട്. തലേ രാത്രിയിലെ മദ്യപാന ഭാരത്തിൽ വാഹനം ഓടിക്കുന്നവരും കുറവല്ല. എന്നാൽ മദ്യപിക്കുന്ന ഡ്രൈവർമാരെ കണ്ടെത്താൻ ഇന്നും യാതൊരു മാർഗവുമില്ല.
https://www.facebook.com/Malayalivartha






















