ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടി റേഷന്‍ കടകളും മാവേലി സ്‌റ്റോറുകളും ഞായറാഴ്ച തുറന്നുപ്രവര്‍ത്തിക്കും; കൃത്രിമക്ഷാമം ഉണ്ടാക്കി വിലക്കയറ്റം സൃഷ്ടിക്കാനുള്ള ശ്രമം ശ്രദ്ധയില്‍പെട്ടതാണ് നടപടിക്ക് കാരണം

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാന്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും മാവേലി സ്‌റ്റോറുകളും ഞായറാഴ്ച തുറന്നുപ്രവര്‍ത്തിക്കണമെന്ന് മന്ത്രി പി. തിലോത്തമന്‍ നിര്‍ദേശംനല്‍കി. ചിലയിടങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാതെ കൃത്രിമക്ഷാമം ഉണ്ടാക്കി വിലക്കയറ്റം സൃഷ്ടിക്കാനുള്ള ശ്രമം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്തരക്കാര്‍ക്കെതിരെ 1955ലെ അവശ്യസാധന നിയമപ്രകാരം നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി.
പ്രളയദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യത്തിനുള്ള അരിക്കും പല വ്യഞ്ജനങ്ങള്‍ക്കും തൊട്ടടുത്ത മാവേലി സ്‌റ്റോറുകളില്‍ സമീപിക്കാം. ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ഓഫിസര്‍ നല്‍കുന്ന പട്ടികപ്രകാരം സാധനങ്ങള്‍ നല്‍കാന്‍ ബന്ധപ്പെട്ട മാവേലി സ്‌റ്റോര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യത്തിനുള്ള സാധനങ്ങള്‍ എല്ലാ മാവേലി സ്‌റ്റോറുകളിലും എത്തിക്കാന്‍ ഗോഡൗണ്‍ ചുമതലയുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2000 റേഷന്‍ കടകളില്‍ വൈദ്യുതി തകരാര്‍മൂലം ഇപോസ് പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ അനുമതിയോടെ മാനുവല്‍ ഇടപാട് നടത്താന്‍ റേഷന്‍ വ്യാപാരികള്‍ക്ക് അനുവാദംനല്‍കി.
https://www.facebook.com/Malayalivartha

























