ക്യാമ്പുകൾ രാഷ്ട്രീയ കളമായപ്പോൾ പലയിടത്തും സംഘർഷം ; ദുരിതാശ്വാസ ക്യാമ്പുകളിൽ പല പാർട്ടികളുടെയും ചിഹ്നങ്ങളും അടയാളങ്ങളും വച്ച് കയറാൻ ആകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

സംസ്ഥാനത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പല സംഘടനകളുടെയും കൊടിയും ചിഹ്നവും ഉണ്ടായിരുന്നു. ഇതിനോടെല്ലാം തനത് ശൈലിയിൽ കടക്ക് പുറത്ത് പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിലുള്ള ഒരു കൊടിയും ചിഹ്നവും ദുരിതാശ്വാസ ക്യാമ്പുകളിൽ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.
ദുരിതാശ്വാസ ക്യാമ്പുകളിൽ തങ്ങൾ ചെയ്ത പ്രവർത്തനങ്ങളെ മഹത്വവത്കരിക്കാനുള്ള ശ്രമങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്. ചെറുതും വലുതുമായ പല പാർട്ടികളും ബാനറുകളും ഫ്ളക്സുമായി ദുരിതാശ്വാസ ക്യാമ്പുകൾ കീഴടക്കി. ഇതിനെതിരെ ശക്തമായ ഭാഷയിൽ രംഗത്ത് വന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
ദുരിതാശ്വാസ ക്യാമ്പുകളിൽ പല പാർട്ടികളുടെയും ചിഹ്നങ്ങളും അടയാളങ്ങളും വച്ച് കയറാൻ ആകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംഘടനയിലെ പ്രമാണിത്വം ക്യാമ്പുകളിൽ കാണിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല. അന്തേവാസികളോട് സംസാരിക്കണമെങ്കിൽ പുറത്തിരുന്ന് സംസാരിച്ചാൽ മതി. അന്തേവാസികളെ സഹായിക്കാനായി കൊണ്ടുവരുന്ന വസ്തുക്കൾ ക്യാമ്പിൽ ചുമതലയുള്ളവരെ ഏൽപ്പിക്കണം. അതിന്റെ മേൽനോട്ടവും വിതരണവും അവരുടെ ചുമതലയാണ്. ദുരന്തത്തിന്റെ സാഹചര്യത്തിൽ ആർഭാടകമായ ചടങ്ങുകൾ ഒഴിവാക്കണം. വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങൾ ലളിതമായി നടത്തണം എന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ക്യാമ്പുകൾ രാഷ്ട്രീയ കളമായപ്പോൾ പലയിടത്തും സംഘർഷങ്ങളിലേക്കുവരെ കാര്യങ്ങൾ എത്തിയിരുന്നു.
https://www.facebook.com/Malayalivartha

























