യോഗാ പഠനത്തിന് പാലായിലെത്തിയ ഹോളണ്ട് സ്വദേശികള്‍ ദുരിതാശ്വാസത്തിന് സഹായവുമായി എത്തി

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായ ഹസ്തവുമായി ഹോളണ്ട് സ്വദേശികള്‍. പാലായിലെ ശാന്തിയോഗ സെന്ററിലെ യോഗാ വിദ്യാര്‍ത്ഥികളായ മോനിക് വെനീന, മാര്‍ലി വോ ഡി ഗോംറ്റ്‌റ് എന്നിവരാണ് ദുരിതബാധിതരെ സഹായിക്കാനായി രംഗത്തിറങ്ങിയത്. ഒരു മാസം മുമ്പാണ് ഹോളണ്ടില്‍ നിന്നും യോഗാ പഠനത്തിനായി ഇവര്‍ പാലായിലെത്തിയത്. പാലായിലുണ്ടായ പ്രളയം നേരില്‍ കാണുകയും പത്രദൃശ്യ മാദ്ധ്യമങ്ങളിലൂടെ ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കുകയും ചെയ്ത ഇവര്‍ സഹായഹസ്തവുമായി രംഗത്തു വരികയായിരുന്നു. ശാന്തി യോഗാ സെന്റര്‍ ഡയറക്ടര്‍ അഭിലാഷ് ഗിരീഷിനോട് അവര്‍ ഇക്കാര്യം സൂചിപ്പിച്ചു. തുടര്‍ന്നു യോഗാ സെന്ററിന്റെ ഓഫീസിനടുത്ത് പ്രവര്‍ത്തിക്കുന്ന മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ വിഭവ സമാഹരണ പദ്ധതിയിലേയ്ക്ക് ഒരു ലക്ഷത്തില്‍പരം രൂപയുടെ അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കുകയായിരുന്നു.
പുതപ്പ്, നൈറ്റി, മുണ്ട്, തോര്‍ത്ത്, അടിവസ്ത്രങ്ങള്‍, പായ, സോപ്പ്, ബ്രഷ്, പേസ്റ്റ്, കുപ്പിവെള്ളം, പാവാട, സാനിറ്ററി നാപ്കിന്‍, സോപ്പുപൊടി, ബ്ലീച്ചിംഗ് പൗഡര്‍ തുടങ്ങിയ സാധനങ്ങളാണ് ദുരിത കേന്ദ്രങ്ങളില്‍ എത്തിക്കാനായി ഇവര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസ്, ഉപദേശകസമിതി അംഗം കൂടിയായ പാലാ എസ്.ഐ. ഷാജി സെബാസ്റ്റന്‍ എന്നിവര്‍ ചേര്‍ന്ന് സഹായം ഏറ്റുവാങ്ങി. കൂടുതല്‍ സഹായം ഹോളണ്ടിലെ സുഹൃത്തുക്കളില്‍ നിന്നും ശേഖരിച്ചു കേരളത്തിലെത്തിക്കുമെന്ന് മോനികും മാര്‍ലിയും പറഞ്ഞു. ലഭ്യമായ വസ്തുക്കള്‍ കോട്ടയം, ഇടുക്കി മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇന്നും നാളെയുമായി എത്തിക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























