ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി മറ്റ് ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചിട്ടില്ല; പ്രതിപക്ഷത്തിന് കണക്ക് പുറത്ത് വിട്ട് മറുപടിനല്‍കി മുഖ്യമന്ത്രി

ഓഖി ദുരന്തത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 107 കോടി രൂപ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനകം ഉത്തരവായതും ചെലവഴിച്ചതുമായ തുക 65.68 കോടി രൂപയാണ്. ഇതിന് പുറമെ ഇപ്പോള്‍ പരിഗണനയിലുള്ളതും ഉത്തരവ് പുറപ്പെടുവിക്കാനുള്ളതുമായ പദ്ധതികള്‍ക്ക് 84.90 കോടി രൂപ ചെലവ് വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓഖി ഉണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടിലേക്ക് 111 കോടി രൂപയാണ് ലഭിച്ചത്. സി.എം.ആര്‍.എഫും എസ്.ഡി.ആര്‍.എഫും ചേര്‍ന്ന് 218 കോടി രൂപ സമാഹരിച്ചു. ഉത്തരവായതും ചെലവഴിച്ചതുമായ തുക 116.79 കോടി രൂപ. 84.90 കോടിയുടെ ചെലവ് കൂടി പ്രതീക്ഷിക്കുന്നു. ഇത് രണ്ടും ചേര്‍ന്നാല്‍ 201.69 കോടി രൂപ ഓഖി ഇനത്തില്‍ ചെലവ് വരും. ഓഖിക്ക് വേണ്ടി കേന്ദ്രം തന്നതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ജനങ്ങളില്‍ നിന്ന് ലഭിച്ചതോ ആയ ഒരു തുകയും മറ്റ് കാര്യങ്ങള്‍ക്കായി ചെലവഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാത്രമല്ല, മത്സ്യത്തൊഴിലാളി മേഖലയില്‍ ഇനിയും ചില പദ്ധതികള്‍ കൂടി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. അതുകൂടി കണക്കിലെടുത്താല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുകയാണ് വേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























