മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്; കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് എന്നീ തീരങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം

പ്രളയ ദുരന്തത്തില്‍ നിന്നും കേരളം കരകയറി വന്നിട്ടില്ല. അതിനിടയ്ക്ക് മാനമിരുണ്ടത് മലയാളികളെ ആശങ്കയിലാക്കി. ഇനിയൊരു മഴകൂടി താങ്ങാനുള്ള ശേഷി മലയാളക്കരയ്ക്കില്ല.
വടക്ക് പടിഞ്ഞാറ് ദിശകളില്‍ ശക്തമായ കാറ്റിന് സാധ്യത.കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് എന്നീ തീരങ്ങളില്‍ ആണ് ജാഗ്രത നിര്‍ദ്ദേശം കഴിഞ്ഞ ദിവസം നല്‍കിയിരിക്കുന്നത്. മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത ഉറപ്പ് വരുത്തേണ്ടതാണ് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മണിക്കൂറില്‍ 25 മുതല്‍ 35 കി.മീ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യത ഉണ്ട്. എന്നാല്‍ ചിലപ്പോള്‍ അതില്‍ കൂടാനും സാധ്യത ഉണ്ടെന്നും അതോടൊപ്പം കടല്‍ പ്രക്ഷുദ്ധമാവാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതേസമയം ഓണാവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു തുറക്കുകയാണ്. പ്രളയബാധിത മേഖലകളിലെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ജില്ലാ കലക്ടര്‍മാര്‍ക്കു വിട്ടിരിക്കുകയാണ്. വെള്ളം കയറുകയോ ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കുകയോ ചെയ്ത സ്‌കൂളുകളില്‍ കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ എല്ലാ മുന്‍കരുതലും സ്വീകരിക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വലിയ ദുരന്തം അഭിമുഖീകരിച്ചതിന്റെ വിഹ്വലത പല കുട്ടികള്‍ക്കുമുണ്ടാകും. അവര്‍ക്ക് സന്തോഷവും ആത്മവിശ്വാസവും പകരാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യ ദിവസംതന്നെ സ്‌കൂള്‍ അസംബ്ലി വിളിച്ചുചേര്‍ത്ത് കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരുന്ന വിധത്തിലുള്ള സന്ദേശങ്ങള്‍ നല്‍കണം. ശുചീകരണമടക്കം, രോഗബാധയുണ്ടാകാന്‍ ഇടയുള്ളതോ അപകട സാധ്യതയുള്ളതോ ആയ യാതൊരു പ്രവര്‍ത്തനത്തിലും കുട്ടികളെ പങ്കെടുപ്പിക്കരുത്. പാഠപുസ്തകങ്ങള്‍, യൂണിഫോം എന്നിവ നഷ്ടപ്പെട്ട കുട്ടികള്‍ 31നു മുമ്പ് സ്‌കൂളില്‍ വിവരമറിയിക്കണം.
ഇന്നു തുറക്കാന്‍ കഴിയാത്ത സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ തുറന്ന് മൂന്നു ദിവസത്തിനകം വിവരം നല്‍കണമെന്നു വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു. ആലപ്പുഴ ജില്ലയിലെ 217 സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കില്ല. ജില്ലയില്‍ ആകെയുള്ള 771 സ്‌കൂളുകളില്‍ 551 എണ്ണമാകും ഇന്നു തുറക്കുക. 217 സ്‌കൂളുകള്‍ ഇപ്പോഴും വെള്ളം കയറിക്കിടക്കുകയാണ്. ഇവ അടുത്ത മൂന്നിനു തുറക്കാനാണ് ലക്ഷ്യമിടുന്നതെന്നു വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതലയുള്ള കെ.സി. ജയകുമാര്‍ അറിയിച്ചു. കുട്ടനാട്, ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടനാട് താലൂക്കില്‍ കാലവര്‍ഷത്തെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ലാത്തതിനാലും കുട്ടനാട് നിവാസികള്‍ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്‌കൂളുകളില്‍ താമസിക്കുന്നതിനാലുമാണു പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ എസ്. സുഹാസ് ഇന്ന് അവധി പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha

























