സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ എലിപ്പനിബാധ മുന്നറിയിപ്പ്, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ എലിപ്പനി ബാധ മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. പ്രളയബാധിത മേഖലകളില്‍ പ്ലേഗ് ഉള്‍പ്പടെ പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയെന്ന് ഐ എം എ സംഘം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കെട്ടിനില്‍ക്കുന്ന വെള്ളത്തിലൂടെ പകരുന്ന പകര്‍ച്ചവ്യാധിയാണ് എലിപ്പനി.
എലിപ്പനിക്കെതിരെ ആരോഗ്യവകുപ്പ് നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്
എലിപ്പനി വെറും എലിപ്പനി മാത്രമല്ല, പശുപ്പനിയും കാളപ്പനിയും ആടുപനിയുമൊക്കെയാണ്. ഈ മൃഗങ്ങളുടെയൊക്കെ മൂത്രത്തിലൂടെ എലിപ്പനിയുടെ രോഗാണുക്കള്‍ വെള്ളത്തില്‍ കലരും. രോഗാണുക്കള്‍ മനുഷ്യരുടെ ശരീരത്തില്‍ എത്തുന്നത് മുറിവുകളിലൂടെയും പോറലുകളിലൂടെയുമാണ്. 'മുറിവേറ്റവര്‍' വെള്ളത്തിലിറങ്ങി പനിപിടിച്ചു തുള്ളിയാല്‍ അപ്പനി വെറും പനിയല്ല. എലിപ്പനിയാവും. കെട്ടകാലത്ത് ഏതു പനിയും ആദ്യം എലിപ്പനിയായി സംശയിക്കണം. ആയതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയാണ് എലിപ്പനി ഏറ്റവും കൂടുതല്‍ പിടികൂടാന്‍ സാധ്യത എന്നും ഓര്‍ക്കണം.
എലിപ്പനി എങ്ങനെ തടയാം
1. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്, കുളിക്കരുത്
2. വീടും പരിസരവും വൃത്തിയാക്കുമ്പോള്‍ കൈയ്യുറയും (ഗ്ലൗസ്) കാലുറയും ധരിക്കുക. അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് കൈയും കാലും പൊതിയുക. ശുചീകരണ പ്രവര്‍ത്തനം ചെയ്യുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
3. വീട്ടില്‍ പിടിച്ചു വെയ്ക്കുന്ന വെള്ളത്തിലും ഭക്ഷണത്തിലും എലിമൂത്രവും വിസര്‍ജ്ജ്യവും കലരാത്ത രീതിയില്‍ മൂടിവെയ്ക്കുക
4. വെള്ളം തിളപ്പിച്ചാറ്റി കുടിക്കുക, ചൂടുള്ള ഭക്ഷണം കഴിക്കുക
5. വെള്ളം ക്ലോറിനേറ്റ് ചെയ്തശേഷം ഉപയോഗിക്കുക
6. മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുക. മാലിന്യം കുന്നുകൂടുന്നത് എലികള്‍ പെറ്റുപെരുകാന്‍ കാരണമാകും.
7. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ എലിപ്പനി തടയാന്‍ 200 മി.ഗ്രാം ഡോക്‌സിസൈക്ലിന്‍
(100 മി.ഗ്രാമിന്റെ 2 ടാബ്ലെറ്റ്) കഴിക്കുക. ഒരാഴ്ചത്തേക്ക് അത്ര മതിയാവും. അടുത്ത ആഴ്ചയില്‍ ശുചീകരണ ജോലി ചെയ്യേണ്ടിവരുമെങ്കില്‍ വീണ്ടും ഒരു ഡോസ് കഴിക്കണം.
എലിപ്പനി ബാധിച്ചവരെ എങ്ങനെ നേരത്തെ തിരിച്ചറിയാം?
വേണ്ടത്ര രോഗപ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാതെ, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജോലിചെയ്തവര്‍ക്കും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും രോഗസാധ്യത കൂടുതലാണ്. കടുത്ത പനിയാണ് എലിപ്പനിയുടെ ലക്ഷണം. വെള്ളപ്പൊക്കത്തിന് ശേഷമുണ്ടാവുന്ന ഏതു പനിയും എലിപ്പനിയാവാം എന്നൊരു വിചാരം എല്ലാവര്‍ക്കും ഉണ്ടാവണം. വേണമെങ്കില്‍ ഡോക്ടറോട് അങ്ങോട്ട് ചോദിക്കുകയുമാവാം. 'ഡോക്ടറെ, വെള്ളക്കെട്ടില്‍ ഇറങ്ങിയിട്ടുണ്ട്. എലിപ്പനിയാണോ?' ഒരു പക്ഷെ അങ്ങനെ ചോദിക്കുന്നതിലൂടെ ഡോക്ടറെ നിങ്ങള്‍ സഹായിക്കുകയാവാം ചെയ്യുന്നത്. എലിപ്പനി തുടക്കത്തിലെ സംശയിച്ചാല്‍ പുട്ടുപോലെ ചികിത്സിച്ചു മാറ്റാം. വൈകുന്തോറും രോഗം സങ്കീര്‍ണ്ണമായിത്തീരും. കരള്‍, വൃക്കകള്‍, ഹൃദയം, ശ്വാസകോശം എന്നിവയെ ബാധിക്കാം. അതുകൊണ്ട് സൂക്ഷിക്കുക.
കടുത്ത പനിയോടോപ്പാം പേശികള്‍ക്ക് നല്ല വേദനയുമുണ്ടോ? പേശികളില്‍ അമര്‍ത്തുമ്പോള്‍ 'ഹയ്യോ' എന്ന് പറഞ്ഞുപോകുന്ന ഒരുതരം വേദന! എങ്കില്‍ മിക്കവാറും അത് എലിപ്പനി തന്നെയായിരിക്കും. ചിലര്‍ക്ക് കണ്ണില്‍ ചുവപ്പുവരും. കണ്ണിന്റെ വെള്ളയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത് പോലെ കാണാം. മറ്റുചിലപ്പോള്‍ കണ്ണില്‍ മഞ്ഞനിറം പ്രത്യക്ഷമാവാം. മൂത്രമൊഴിക്കുമ്പോഴും കടും മഞ്ഞ! 'ഓഹോ, ഇത് നമ്മുടെ മഞ്ഞപ്പിത്തമല്ലേ' എന്ന് കരുതി നാട്ടുമരുന്നും ഒറ്റലിയും കഴിച്ചുകൊണ്ടിരുന്നു കളയരുത്. തട്ടിപ്പോവും. പനിയോടുകൂടിയ മഞ്ഞപ്പിത്തം എലിപ്പനിയുടെ ഭയങ്കരമായ ലക്ഷണമാണ്. അക്കാര്യം ഇനി മറക്കരുത്. സമയം ഒട്ടും കളയാതെ ഡോക്ടറുടെ സേവനം തേടുക.
തുടക്കത്തില്‍ ലളിതം
ഡോക്‌സിസൈക്ലിന്‍ ഗുളിക അല്ലെങ്കില്‍ പെനിസിലിന്‍ കുത്തിവെയ്പ്പ്
കടുത്താല്‍:
കിഡ്‌നി അടിച്ചുപോകല്‍, ലിവര്‍ പൊടിഞ്ഞുപോകല്‍, ഹാര്‍ട്ട് തകര്‍ന്നുപോകല്‍,ശ്വാസം നിലച്ചുപോകല്‍ തദ്വാര,ഐ. സി. യു ഡയാലിസിസ് വെന്റ്റിലേറ്റര്‍
ഡോക്ടറും രോഗിയും ബുദ്ധിമുട്ടും
എലിപ്പനി തുടക്കത്തില്‍ തിരിച്ചറിയുക, ജീവന്‍ രക്ഷിക്കുക
തുടങ്ങും മുന്‍പ് പ്രതിരോധിക്കുന്നത് ഏറ്റവും ഉത്തമം
https://www.facebook.com/Malayalivartha

























