രാത്രിയിൽ സംശയാസ്പദമായി കണ്ടെന്നാരോപിച്ച് നിസ്സഹായനായ യുവാവിനെ കൈയ്യും,കാലും കെട്ടിയിട്ട് ക്രൂരമർദ്ദനത്തിനിരയാക്കി; പരസ്യ വിചാരണയ്‌ക്കൊടുവിൽ യുവാവിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു: മലപ്പുറം കുറ്റിപ്പാലയിലെ സദാചാര സ്നേഹികളുടെ ക്രൂരവിനോദത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം അപമാനിച്ച യുവാവ് തൂങ്ങി മരിച്ചു. മലപ്പുറം കുറ്റപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ആത്മഹത്യ ചെയ്തത്. യുവാവിനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് ആക്രമിച്ചിരുന്നു. കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചു. രാത്രി സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമം.
ഇന്നലെ രാത്രിയാണ് സാജിദിനെ വീടിന് സമീപത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഈ മാസം 24നാണ് സാജിദിന് ഒരു സംഘം ആളുകളുടെ മർദ്ദനമേറ്റത്. സാജിദ് താസമിക്കുന്ന പണിക്കർപ്പടി എന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള മമ്മാലിപ്പടി എന്ന സ്ഥലത്തെ വീടിന് സമീപത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ചാണ് ഒരു സംഘം യുവാവിനെ മർദ്ദിച്ചത്. കയർ കൊണ്ട് കൈകാലുകൾ കെട്ടിയിട്ട ശേഷമായിരുന്നു മർദ്ദനം. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. പിന്നീട് പൊലീസെത്തിയാണ് സാജിദിനെ മോചിപ്പിച്ചത്. എന്നാൽ, ആർക്കെതിരെയും കേസെടുത്തിരുന്നില്ല. സാജിദിന് പരിക്കേറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
സാജിദിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ രാവിലെ മുതലാണ് വാട്സ് ആപ്പിലും മറ്റും പ്രചരിച്ച് തുടങ്ങിയത്. സാജിദിന്റെ സുഹൃത്തുക്കൾക്കും സന്ദേശം ലഭിച്ചു. ഇതിൽ മനംനൊന്താണ് സാജിദ് ആത്മഹത്യ ചെയ്തത്. പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























