അതിരപ്പിള്ളി പദ്ധതി വേണം എന്നു തന്നെയാണ് അഭിപ്രായമെന്ന് മന്ത്രി എം.എം. മണി; എന്നാല്‍ അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ പദ്ധതിയെക്കുറിച്ച് ആലോചിക്കൂവെന്നും മന്ത്രി

അതിരപ്പിള്ളി പദ്ധതി വേണം എന്നു തന്നെയാണ് അഭിപ്രായമെന്ന് മന്ത്രി എം.എം. മണി. എന്നാല്‍, ഘടക കക്ഷികളില്‍ വിയോജിപ്പുണ്ടെന്നും അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ പദ്ധതിയെക്കുറിച്ച് ആലോചിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഡാമുകള്‍ തുറന്നതിനെ വിമര്‍ശിക്കുന്നവര്‍ പെയ്ത മഴ അറിയാതെയാണെന്നും മന്ത്രി പറഞ്ഞു. പെരിങ്ങല്‍കുത്ത് ഡാം സന്ദര്‍ശിച്ചശേഷം വാര്‍ത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1924ലെ വെള്ളപ്പൊക്കകാലത്തേക്കാള്‍ പതിന്‍മടങ്ങ് മഴയാണ് ഇപ്പോള്‍ ഉണ്ടായത്. ഇതേതുടര്‍ന്ന് തമിഴ്‌നാട്ടിലെ ഡാമുകള്‍ തുറന്നുവിടേണ്ടി വന്നു. സ്വാഭാവികമായും പെരിങ്ങല്‍കുത്തും തുറന്നു. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. പെരിങ്ങല്‍കുത്ത് ഡാമിന്റെ അറ്റക്കുറ്റപണികള്‍ പണം കടമെടുത്തായാലും ഉടന്‍ ചെയ്ത് തീര്‍ക്കും. മരങ്ങള്‍ വന്നടിഞ്ഞതുമൂലമുള്ള തടസ്സം നീക്കിവരുന്നു. ഇനി മുളകള്‍ മാത്രമാണ് നീക്കാനുള്ളത്. ഡാമിന് സുരക്ഷ ഭീഷണിയില്ല. ഇപ്പോള്‍ ഒരു ജനറേറ്ററില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. മഴ മുഴുവന്‍ പെയ്ത് തീര്‍ന്നിട്ടില്ല. തുലാമഴ പെയ്യാനുണ്ട്. ഡാമിലെ വെള്ളം മുഴുവന്‍ ഒഴുകി നഷ്ടമായി എന്ന് ദുഃഖിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha






















