ദുരിതം കഴിഞ്ഞു ഇനി ആരോഗ്യം ശ്രദ്ധിക്കാം: ആശ്വാസമായി ഭാരതീയ ചികിത്സാ വിഭാഗം

സമാനതകളില്ലാത്ത ദുരന്തമുഖത്തു നിന്നും കരകയറിയവര്‍ക്ക് ആശ്വാസവുമായി ഭാരതീയ ചികിത്സാ വിഭാഗവും സജീവമായി രംഗത്തുണ്ടെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വിവിധ ക്യാമ്പുകളില്‍ ആയുര്‍വേദം, ഹോമിയോ വിഭാഗങ്ങളുടെ യൂണിറ്റ് പ്രവര്‍ത്തിക്കുന്നതിന് പുറമേ എല്ലാ വീടുകള്‍ക്കും ആയുര്‍വേദ കിറ്റും നല്‍കി വരുന്നു. മാനസികാഘാതമേറ്റവര്‍ക്ക് ചികിത്സയും കൗണ്‍സിലിംഗും നല്‍കുന്ന മനോമയ പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. ജില്ലകള്‍ തിരിച്ചാണ് ഭാരതീയ ചികിത്സാ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പ്രളയക്കെടുതി മൂലം ബുദ്ധിമുട്ടുന്ന ജില്ലകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടൊപ്പം ബോധവത്ക്കരണ ക്ലാസുകളും നടത്തി വരുന്നു. നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ആയുര്‍വേദ രംഗത്തെ വിവിധ സംഘടനകളും ഇതുമായി സഹകരിക്കുന്നുണ്ട്.
വയനാട് ജില്ലയില്‍ ഒപ്പമുണ്ട് ആയുര്‍വേദം എന്ന പേരില്‍ പദ്ധതി നടപ്പിലാക്കി വരുന്നു. പ്രളയബാധിത മേഖലയിലെ സമ്പൂര്‍ണ ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തോടെ 6 മാസം നീണ്ടുനില്‍ക്കുന്ന വിദഗ്ധ ചികിത്സ, മാനസികാരോഗ്യ കൗണ്‍സിലിംഗ്, ബോധവത്ക്കരണം തുടങ്ങിയവയാണ് നടന്നു വരുന്നത്.
എറണാകുളം ജില്ലയില്‍ സ്‌നേഹ സാന്ത്വനം ദുരിതബാധിതര്‍ക്ക് ആയുര്‍വേദത്തിന്റെ കൈത്താങ്ങ് എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു. 5000 വീടുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തി വിവിധ മരുന്നുകളുടെ കിറ്റും ഉപയോഗിക്കേണ്ട വിധത്തെപ്പറ്റിയുള്ള ലഘുലേഖകളും നല്‍കി വരുന്നു.
ശാരീരിക വേദനകള്‍ക്കും അസ്വസ്ഥതകള്‍ക്കും ആശ്വാസം നല്‍കുന്ന ആയുര്‍വേദ മരുന്നുകളും നല്‍കിവരുന്നുണ്ട്.
1. അപരാജിതധൂമചുര്‍ണ്ണം (പുകമരുന്ന്): അല്‍പം കനലുണ്ടാക്കി അതില്‍ അല്‍പം അപരാജിത ധൂമ ചൂര്‍ണ്ണം വിതറി അതില്‍ നിന്നുണ്ടാകുന്ന പുക വീടിന്റെ എല്ലാ ഭാഗത്തും എത്തിക്കുക. പുക തീരുന്നതനുസരിച്ച് വീണ്ടും വീണ്ടും കനലില്‍ പൊടി വിതറുക. ഈര്‍പ്പം കെട്ടിനിന്ന് പൂപ്പലില്‍ നിന്നും മറ്റും ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തടയാന്‍ ഇത് സഹായിക്കും.
2. മുറിവെണ്ണ: ദേഹവേദന, ചതവ് എന്നിവയുള്ളപ്പോള്‍ മുറിവെണ്ണ പുരട്ടി തടവുന്നത് ആശ്വാസം ലഭിക്കും.
3. രസോത്തമാദിലേപം: വെള്ളത്തില്‍ അധികനേരം ഇടപെഴുകുന്നതുകൊണ്ട് കൈ, കാലുകളിലുണ്ടാകുന്ന വളംകടി, തൊലി അഴുകല്‍ എന്നീ അവസ്ഥകളില്‍ കഴുകി വൃത്തിയാക്കി ഈര്‍പ്പം തുടച്ച് കളഞ്ഞതിനു ശേഷം രസോത്തമാദിലേപം പുരട്ടുന്നത് ആശ്വാസകരമാണ്.
4. വില്വാദിഗുളിക: ദഹന സംബന്ധമായ എല്ലാവിധ അസ്വസ്ഥതകള്‍ക്കും വില്ല്വാദി ഗുളിക 1 വീതം 2 നേരം ആഹാരശേഷം കഴിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha






















