കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം... പനിബാധ പടരുന്നതു കണക്കിലെടുത്ത് 260 താല്‍ക്കാലിക ആശുപത്രികള്‍ പുതുതായി തുടങ്ങി... ഇന്നലെ വരെ എലിപ്പനി സ്ഥിരീകരിച്ചത് 269 പേര്‍ക്ക്...651 പേര്‍ക്കു രോഗലക്ഷണം; പ്രതിരോധ മരുന്നു കഴിക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. സ്ഥിതി ഗുരുതരമാണെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും പ്രതിരോധ മരുന്നു കഴിക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം.
പ്രളയജലവുമായി സമ്പര്‍ക്കമുണ്ടായവര്‍ പ്രതിരോധമരുന്നായ ഡോക്‌സിെസെക്ലിൻ ഗുളിക കഴിക്കണം. എലിപ്പനി ബാധിതരെ കിടത്താന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജമാക്കി. വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളുമുണ്ട്. സംസ്ഥാനത്ത് ചികിത്സ പ്രോട്ടോക്കോളും പ്രഖ്യാപിച്ചു. ഇന്നലെ വരെ 269 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 651 പേര്‍ക്കു രോഗലക്ഷണം കണ്ടെത്തി. പുല്ലഴി സ്വദേശി നിഷാന്ത്, മലപ്പുറം കാഞ്ഞിരമുക്ക് സ്വദേശി ആദിത്യന്‍ (51), പഴയന്നൂര്‍ സ്വദേശി സജീവന്‍ (45) എന്നിവര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു.
കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി ചികിത്സയിലിരുന്ന 18 പേരാണ് ശനിയാഴ്ചയും ഇന്നലെയുമായി മരിച്ചത്. എലിപ്പനി ബാധിച്ച് കഴിഞ്ഞ 20 മുതല്‍ മരിച്ചവരുടെ എണ്ണം ഇതോടെ 42 ആയി. കോഴിക്കോട് വടകര കീഴാലിയില്‍ ഉജേഷ് (34), മുക്കം കാരമൂല സലിം ഷാ(42) എന്നിവരുടെ മരണം എലിപ്പനി മൂലമാണെന്നു സ്ഥിരീകരിച്ചു.
വേങ്ങേരി സ്വദേശി സുമേഷി(46)ന്റെ മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. മലപ്പുറം ചമ്രവട്ടം ചെറുകുളം രാജന്റെ ഭാര്യ ശ്രീദേവി (45) മരിച്ചത് എലിപ്പനി മൂലമാണെന്നു സംശയിക്കുന്നു. പാലക്കാട് മുണ്ടൂര്‍ ചെമ്പക്കര വീട്ടില്‍ പരേതനായ കുട്ടന്റെ മകള്‍ നിര്‍മല (50), തൃശൂര്‍ കൊടകര കോടാലി സ്വദേശി പീനാക്കല്‍ സിനേഷ് (36) എന്നിവരുടെ മരണകാരണം എലിപ്പനിയാണെന്നു കണ്ടെത്തി. പ്രളയമൊഴിഞ്ഞ കേരളത്തില്‍ എലിപ്പനി ബാധിച്ച് ഇന്നലെ എട്ടു മരണം കൂടി.
ശ്വാസകോശത്തെ ബാധിക്കുന്നതരം എലിപ്പനിയാണു പടരുന്നതെന്നതിനാല്‍ മരണനിരക്ക് കൂടിയേക്കുമെന്ന് ആരോഗ്യവകുപ്പ്. ആലുവയില്‍ താമസമാക്കിയ തമിഴ്‌നാട് സ്വദേശി രാജ(48), പെരുമ്പാവൂര്‍ ഐമുറി കുമാരി(51) എന്നിവര്‍ മരിച്ചത് എലിപ്പനി മൂലമാണെന്നു കരുതുന്നു. കുമാരി വെള്ളപ്പൊക്ക ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു. പനിബാധ പടരുന്നതു കണക്കിലെടുത്ത് 260 താല്‍ക്കാലിക ആശുപത്രികള്‍ പുതുതായി തുടങ്ങി.
https://www.facebook.com/Malayalivartha






















