താക്കോല്‍ പിടിച്ചുവലിച്ച് ഊരിയെടുത്തു; ബൈക്ക് മറിഞ്ഞ് ബസിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം! കാര്‍ഡ്രൈവര്‍ അറസ്‌റ്റില്‍

ഇരവിപേരൂര്‍ നന്നൂര്‍ വാഴക്കലാ മലയില്‍ റേഷന്‍ വ്യാപാരി രവീന്ദ്രന്‍നായരുടെ ഭാര്യ കാഞ്ചനവല്ലി(56) മരിച്ച കേസില്‍ പന്തളം തോന്നലൂര്‍ സജാദ് മന്‍സിലില്‍ മുഹമ്മദ്‌സാദിഖി(50)നെ പോലീസ് അറസ്റ്റ് ചെയ്തു. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
മകന്‍ പ്രദീപ് ആര്‍.നായര്‍ ഓടിച്ചിരുന്ന ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കവെ എം.സി. റോഡില്‍ പ്രാവിന്‍കൂട് ജങ്‌ഷന് സമീപം ചൊവ്വാഴ്‌ച വൈകിട്ടായിരുന്നു കാഞ്ചനവല്ലി ദാരുണമായി മരിച്ചത്. പ്രതി ഓടിച്ച കാര്‍ പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ കാറില്‍ ബൈക്ക് ഇടിച്ചു. ഇതില്‍ രോഷാകുലനായ സാദിഖ്, കാറിലിരുന്നു തന്നെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു. ഹാന്‍ഡില്‍ ലോക്കായതിനാല്‍ മുന്നോട്ടുനീങ്ങാന്‍ കഴിയാതെ ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
പ്രദീപ് റോഡിന്റെ ഇടതു വശത്തേക്കും കാഞ്ചനവല്ലി വലതുവശത്തേക്കും വീഴുകയായിരുന്നു. ഇതേ സമയമെത്തിയ സൂപ്പര്‍ ഫാസ്‌റ്റിനടിയില്‍പ്പെട്ട് കാഞ്ചനവല്ലി തല്‍ക്ഷണം മരിക്കുകയായിരുന്നു. എറണാകുളത്തുനിന്ന് പാലോടിന് പോവുകയായിരുന്നു കെ.എസ്.ആര്‍.ടി.സി. ബസ്. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. മറ്റു മക്കള്‍: രശ്‌മി ആര്‍.നായര്‍, സുധീപ് ആര്‍.നായര്‍.
https://www.facebook.com/Malayalivartha
























