ജുബൈലിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിയ്ക്ക് ദാരുണാന്ത്യം

സൗദിയിലെ ജുബൈലിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു. ഖഫ്ജിക്ക് സമീപം റഫിയ്യയിൽ ടൊയോട്ട ഫോർച്യൂണർ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ പാലക്കാട് മണ്ണാർക്കാട് മണലടി സ്വദേശി മുഹമ്മദലിയുടെ മകൻ ശിഹാബുദീനാണ് (25) മരിച്ചത്.
അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ മണ്ണാർക്കാട് സ്വദേശി സുലൈമാന്റെ മകൻ നൗഫലിനെ (30) ജുബൈൽ ജനറൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റിയാദ് അസീസിയയിൽ താമസിക്കുന്ന ഇരുവരും കച്ചവട ആവശ്യാർത്ഥം പുലർച്ചെ നാലിനാണ് റിയാദിൽ നിന്ന് പുറപ്പെട്ടത്. റിയാദിലുള്ള സുഹൃത്തുക്കൾ വിളിച്ചപ്പോൾ ഇരുവരുടെയും ഫോൺ ഒാഫായതിനാൽ സംശയം തോന്നി റിയാദ് ഖഫ്ജി റൂട്ടിൽ പിന്നാലെ പോയി നടത്തിയ അന്വേഷണത്തിലാണ് അപകടത്തെ കുറിച്ചറിഞ്ഞത്. തുടർന്ന് മറിഞ്ഞുകിടക്കുന്ന ഫോർച്യൂണറും കണ്ടെത്തി.
ശിഹാബുദ്ദീൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം റുമാഅ് ജനറൽ ആശുപത്രിയിൽ മോർച്ചറിയിലാണുള്ളത്. തലക്ക് പരിക്കേറ്റ നൗഫൽ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി കൂടെയുണ്ടായിരുന്ന ബന്ധുക്കൾ അറിയിച്ചു. നൗഫലിന്റെ സഹോദരൻ ജുബൈലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ശിഹാബുദ്ദീൻ അവിവാഹിതനാണ്. ഖദീജയാണ് മാതാവ്.
https://www.facebook.com/Malayalivartha
























