യുവതികള്‍ പതിനെട്ടാംപടി കയറാതിരിക്കാനുള്ള "പ്ലാൻ ബി" വെളിപ്പെടുത്തിയ രാഹുൽ ഈശ്വറിന് കിട്ടിയത് ആഡാർ പണി; വിവാദ പ്രസ്താവനയ്‌ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരായ പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കിയ രാഹുല്‍ ഈശ്വറിനെതിരേ വീണ്ടും കേസ്. സന്നിധാനത്ത് യുവതികള്‍ കയറിയാല്‍ രക്തമൊഴുക്കി നടയടപ്പിക്കാന്‍ പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തി കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ശബരിമല സന്നിധാനത്ത് യുവതികള്‍ കയറിയാല്‍ രക്തമൊഴുക്കി നടയടപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അയ്യപ്പധര്‍മ സേന പ്രസിഡന്‍റ് രാഹുല്‍ ഈശ്വർ കൊച്ചിയില്‍ വിവാദ പ്രസ്താവന നടത്തിയിരുന്നു.അതേസമയം പ്രതിഷേധങ്ങള്‍ക്കിടെ പത്തനംതിട്ട പോലീസും രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാള്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ 20 പേര്‍ കാത്തു നിന്നിരുന്നെന്നാണ് രാഹുല്‍ ഈശ്വര്‍ വാർത്ത സമ്മേളനത്തിൽ വെളിപ്പെടുത്തിയത്. സന്നിധാനം രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടാന്‍ ആരുടേയും അനുവാദം ആവശ്യമില്ല. അടച്ച നട തുറക്കണം എന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരമില്ല.
ഈ സാധ്യത ഉപയോഗിക്കാനായി തയ്യാറായ ഒരു സംഘം ആളുകള്‍ സന്നിധാനത്ത് ഉണ്ടായിരുന്നു. ഇനി നട തുറക്കുന്ന ദിവസങ്ങളിലും അവര്‍ അവിടെ തന്നെ കാണുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തിരുന്നു. യുവതികളെ ശബരിമലയില്‍ കയറ്റാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള പ്ലാന്‍ ബിയും ഇതായിരുന്നെന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.
എന്നാൽ പിന്നീട് വിവാദപരമായ വാദങ്ങളെ രാഹുൽ ഈശ്വർ തന്നെ തള്ളിയിരുന്നു. രക്തം ഇറ്റിച്ച് ശബരിമല നട അടയ്ക്കാൻ പദ്ധതിയിട്ടെന്നു പറഞ്ഞിട്ടില്ല. 20 പേർ ഇതിനു തയാറായി നിൽക്കുന്നുവെന്നു താൻ അറിഞ്ഞിരുന്നു. എന്നാൽ ഇവരോട് അങ്ങനെ ചെയ്യരുതെന്നാണ് പറഞ്ഞതെന്നും വാക്കുകളെ ദുർവ്യാഖ്യാനം ചെയ്ത് തന്നെ കള്ളക്കേസിൽ കുടുക്കി വീണ്ടും അറസ്റ്റു ചെയ്യാനാണു നീക്കമെന്നും രാഹുൽ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha























