കോഴി അവശിഷ്ടങ്ങൾ എന്ന് കരുതിയ ചാക്കുകെട്ടിൽ അഴുകിയ മൃതദേഹം; പരവൂർ തെക്കുംഭാഗം കടലോരത്ത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞപ്പോൾ ബന്ധുക്കൾ പെട്ടു...

കൊല്ലം ജില്ലയിലെ പരവൂർ തെക്കുംഭാഗം കടലോരത്ത് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ച പ്രവാസി കൊല്ലം കരിക്കോട് സ്വദേശി സോമന്‍ സുരലാലിന്റേതാണെന്ന് തിരിച്ചറിഞ്ഞതായി പരവൂര്‍ പൊലീസ് പറഞ്ഞു.
2003 ല്‍ ഒമാനില്‍ മരിച്ച സുരലാലിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുവന്ന് സംസ്‌കരിക്കുകയായിരുന്നു. കഴിഞ്ഞദിവസം ബന്ധുക്കള്‍ വീട് നിര്‍മ്മിക്കാന്‍ പുരയിടം വൃത്തിയാക്കുന്നതിനിടെ മൃതദേഹാവശിഷ്ടം പൊന്തി വന്നു. തുടര്‍ന്ന് ജോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം അവശിഷ്ടം ചാക്കിലാക്കി തിങ്കളാഴ്ച രാത്രി കടലില്‍ ഒഴുക്കാന്‍ കൊണ്ടുവരികയും ഈ സമയം സമീപത്ത് ആളുകളെ കണ്ടതിനാല്‍ ചാക്ക് കെട്ട് കടല്‍തീരത്ത് ഉപേക്ഷിക്കുകയുമായിരുന്നു.
മാസങ്ങള്‍ പഴക്കമുള്ള ജീര്‍ണിച്ച മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് ദുരൂഹത ഉണര്‍ത്തിയിരുന്നു. സംഭവം വാര്‍ത്തയായതോടെ ബന്ധുക്കള്‍ തന്നെയാണ് വിവരം പൊലീസിനോട് തുറന്നു പറഞ്ഞത്. ഇവര്‍ക്കെതിരെ മൃതദേഹത്തോട് അനാദരവ് കാട്ടിയതിന് പരവൂര്‍ പൊലീസം കേസെടുത്തു.
മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. പക്ഷെ കടലോരത്ത് എത്തിയവർ ചാക്ക് കെട്ട് കണ്ട് ആദ്യം കരുതിയത് രാത്രിയിൽ ആരോ ഉപേക്ഷിച്ച കോഴിവേസ്റ്റായിരിക്കും എന്നായിരുന്നു. എന്നാൽ ചാക്ക്‌കെട്ടിൽ നിന്നും രൂക്ഷമായ ദുർഗന്ധം വമിച്ചതോടെ പൊലീസിനെ അറിയിക്കാൻ നാട്ടുകാർ തീരുമാനിച്ചു. തുടർന്ന് ഇവിടെ എത്തിയ പോലീസ് പരിശോധിച്ചപ്പോഴാണ് മനുഷ്യന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. പൊലീസിന്റെ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
തുടർന്ന് അന്വേഷണം നടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബന്ധുക്കൾ പോലീസിനോട് കാര്യങ്ങൾ വിശദീകരിച്ച് എത്തിയത്. പരവൂര്‍ പൊലീസ് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹാവശിഷ്ടം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിറ്റി പൊലീസ് കമ്മിഷണര്‍ പി.കെ മധു, ചാത്തന്നൂര്‍ എ.സി.പി ജവഹര്‍ജനാര്‍ദ് തുടങ്ങിയവരും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
https://www.facebook.com/Malayalivartha
























