റോഡുകള്‍ക്ക് അന്തര്‍ദേശീയ നിലവാരം ലക്ഷ്യമിടുന്ന, സംസ്ഥാന പൊതുമരാമത്ത് നയം മന്ത്രിസഭ അംഗീകരിച്ചു

ആധുനികസാങ്കേതിക വിദ്യ ഉപയോഗിച്ച് ഗുണനിലവാരം ഉറപ്പാക്കുന്നതിനും പശ്ചാത്തല സൗകര്യവികസനത്തിനും ഊന്നല്‍ നല്‍കുന്ന സംസ്ഥാന പൊതുമരാമത്ത് നയം മന്ത്രിസഭ അംഗീകരിച്ചു. പൊതുഗതാഗത മേഖല ശക്തിപ്പെടുത്തുന്ന റോഡുകള്‍, റോഡ് ശൃംഖലകള്‍ക്ക് അന്തര്‍ദേശീയ നിലവാരം, സുരക്ഷിതത്വം ഉറപ്പാക്കുന്ന റോഡുകള്‍, അഴിമതിരഹിതമായ നിര്‍മാണം, സുതാര്യത എന്നിവയാണ് ലക്ഷ്യങ്ങള്‍.
എഞ്ചിനീയര്‍മാര്‍ക്ക് നയം നടപ്പാക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കും. മരാമത്ത് ഓഡിറ്റ് നിര്‍ബന്ധമാക്കും. സ്ഥലം കിട്ടാത്തതിനാല്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് ഭൂവുടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കി നടപടികള്‍ വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമായി.
ക്വാളിറ്റി മാന്വല്‍, ലബോറട്ടറി മാന്വല്‍ എന്നിവയിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കും. പരിസ്ഥിതി സൗഹൃദ നിര്‍മാണ സംവിധാനം ഏര്‍പ്പെടുത്തും. റോഡ് നിര്‍മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കും.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുളള മലയോര ഹൈവേ (1,627 കിലോമീറ്റര്‍) നിര്‍മാണം പൂര്‍ത്തിയാക്കും. തീരദേശ ഹൈവേ (656 കിലോമീറ്റര്‍) പൂര്‍ത്തിയാക്കും.
ശബരിമല റോഡുകള്‍ മെച്ചപ്പെടുത്തി ഏഴുകൊല്ലത്തെ അറ്റകറ്റപ്പണിക്ക് കരാര്‍ നല്‍കും. കയ്യേറ്റം ഒഴിവാക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
https://www.facebook.com/Malayalivartha
























